"ഒന്നും നടക്കില്ലെന്ന് അറിയാം, എങ്കിലും കരാറില്‍ ഒപ്പിടുകയാണ്"; പ്രതിരോധ പദ്ധതികളിലെ കാലതാമസത്തെ വിമർശിച്ച് വ്യോമസേനാ മേധാവി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വാർഷിക ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
Marshal Amar Preet Singh
Marshal Amar Preet Singh PTI
Published on

പ്രധാന പ്രതിരോധ സംഭരണ ​​പദ്ധതികളിലെ കാലതാമസത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ വ്യോമസേനാ മേധാവി മാർഷൽ അമർ പ്രീത് സിംഗ്. കരാറുകളിൽ ഒപ്പുവെക്കുമ്പോൾ തന്നെ ആ പദ്ധതികൾ കൈവരിക്കാനാവില്ലെന്ന് അറിയാമെങ്കിലും കരാറിൽ ഒപ്പിടുകയാണെന്ന് വ്യോമസേനാ മേധാവി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വാർഷിക ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കുക എന്നത് നിർണായകമാണ്. എല്ലാ പദ്ധതികളും വൈകിയിട്ടുണ്ട്. കൃത്യസമയത്ത് പൂർത്തിയാക്കിയ ഒരു പദ്ധതി പോലും എനിക്ക് ഓർമയില്ല. എന്തുകൊണ്ട് നമുക്ക് നിറവേറ്റാനാവാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്യണം? പലപ്പോഴും കരാറുകളിൽ ഒപ്പുവെക്കുമ്പോൾ തന്നെ ആ പദ്ധതികൾ ഒരിക്കലും ലഭിക്കില്ലെന്ന് ഞങ്ങൾക്കറിയാം, എങ്കിലും കരാറിൽ ഒപ്പിടും" എയർ ചീഫ് മാർഷൽ സിംഗ് വിമർശിച്ചു.

Marshal Amar Preet Singh
MSC എൽസ 3 കപ്പൽ അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ സംരംഭത്തിന് കീഴിൽ വേഗത്തിലുള്ള തദ്ദേശീയവൽക്കരണത്തിനും ആഭ്യന്തര ശേഷി വർധിപ്പിക്കുന്നതിനും വ്യോമസേന ശ്രമിക്കുന്നതിനിടെയാണ് സേനാ മേധാവിയുടെ വിമർശനം. "നമുക്ക് കഴിവും ശേഷിയും ആവശ്യമാണ്. ഇന്ത്യയിൽ ഉത്പ്പാദിപ്പിക്കുന്നതിനെക്കുറിച്ച് മാത്രം സംസാരിച്ചാൽ പോരാ, ഇവിടെ നമ്മൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും വേണം. സേനയും വ്യവസായ മേഖലയും തമ്മിലുള്ള വിശ്വാസവും ആശയവിനിമയവും തുടരണം. ബന്ധം ശക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ നമ്മൾ തുറന്ന മനസുള്ളവരായിരിക്കണം. ഒരു കാര്യത്തിന് പ്രതിജ്ഞാബദ്ധരായാൽ, അത് നിറവേറ്റണമെന്നും" അദ്ദേഹം പറഞ്ഞു.

"ഭാവിയിലേക്ക് തയ്യാറെടുക്കുന്നതിന് ഇപ്പോൾ തന്നെ നമ്മൾ സജ്ജരായിരിക്കണം. അടുത്ത പത്തുവർഷത്തിനുള്ളിൽ വ്യവസായത്തിൽ നിന്നും ഡിആർഡിഒയിൽ (പ്രതിരോധ ഗവേഷണ വികസന സംഘടന) നിന്നും കൂടുതൽ ഉത്പാദനം നമുക്ക് കാണാൻ കഴിയും. എന്നാൽ ഇന്ന് നമുക്ക് ആവശ്യമുള്ളത് ഇന്ന് ലഭിക്കണം. അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നമ്മൾ വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്" അദ്ദേഹം പറഞ്ഞു.

Marshal Amar Preet Singh
കനിവും കരുണയും കാതലുമുള്ള വാർത്തകൾ; ന്യൂസ് മലയാളത്തിന് ഇന്ന് ഒരു വയസ്

തദ്ദേശീയ പദ്ധതികളിൽ ഉൾപ്പെടുന്ന പ്രതിരോധ പദ്ധതികളുടെ കാലതാമസത്തെക്കുറിച്ചാണ് വ്യോമസേനാ മേധാവി ചൂണ്ടിക്കാട്ടിയത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) പദ്ധതിയാണ് അദ്ദേഹം ഉദാഹരണമായി എടുത്തുകാട്ടിയത്. 2021 ഫെബ്രുവരിയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) ഒപ്പുവെച്ച 48,000 കോടി രൂപയുടെ കരാറിൽ ഉൾപ്പെട്ട തേജസ് എംകെ 1 എ ഫൈറ്റർ ജെറ്റുകളുടെ വിതരണം ഇപ്പോഴും നടന്നിട്ടില്ലെന്നും ഓർഡർ ചെയ്ത 83 വിമാനങ്ങളിൽ ഒന്നുപോലും വിതരണം ചെയ്തിട്ടില്ലെന്നും എയർ ചീഫ് വ്യക്തമാക്കി.

ഇന്ത്യയുടെ പ്രതിരോധ ഉത്പാദനങ്ങളെക്കുറിച്ച് ഇത് ആദ്യമായല്ല വ്യോമസേനാ മേധാവി വിമർശനമുന്നയിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, വ്യോമസേനാ മേധാവിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ, സൈനിക സാങ്കേതികവിദ്യയിൽ ഇന്ത്യ ഒരുകാലത്ത് ചൈനയേക്കാൾ മുന്നിലായിരുന്നുവെന്നും എന്നാൽ പിന്നീട് അത് പിന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com