ശ്രീനഗർ: ഹിജാബ് വിവാദത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. വർഷങ്ങളായി നിതീഷ് കുമാറിനെ അറിയാം. എന്നാൽ സംഭവത്തിൻ്റെ ദൃശ്യങ്ങൾ കണ്ട് താൻ അമ്പരന്നുപോയെന്ന് മെഹബൂബ എക്സിൽ കുറിച്ചു.
വാർധക്യസഹജമായ പ്രശ്നങ്ങളാണോ ഇത്തരം പെരുമാറ്റത്തിന് കാരണം, അതോ സമൂഹത്തിന് മുന്നിൽ മുസ്ലിങ്ങളെ അപമാനിക്കുന്നത് സാധാരണവൽക്കരിക്കുകയാണോ എന്നും മെഹബൂബ മുഫ്തി ചോദിച്ചു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.
ബിഹാറിൽ പൊതുപരിപാടിയിൽ വച്ചുള്ള നിതീഷ് കുമാറിൻ്റെ പെരുമാറ്റമാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്. ആയുഷ് ഡോക്ടർക്കുള്ള നിയമന ഉത്തരവ് കൈമാറുമ്പോഴാണ് സംഭവം നടന്നത്. നിയമന ഉത്തരവ് കൈപറ്റാൻ എത്തിയ യുവതിയോട് മുഖത്തേക്ക് നോക്കി ആംഗ്യം കാണിക്കുകയും പിന്നാലെ അത് മാറ്റാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ യുവതി അതിന് തയ്യാറാകത്തതിനെ തുടർന്ന നിതീഷ് കുമാർ തന്നെ അത് നീക്കുകയായിരുന്നു.
നിതീഷ് കുമാറിനെ മാത്രമല്ല, അത് കണ്ടുനിന്നവരേയും മെഫബൂബ മുഫ്തി വിമർശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി കണ്ടുനിന്നവർ ചിരിക്കുകയായിരുന്നു എന്നും, അതിൽ അവർ ആനന്ദം കണ്ടെത്തിയെന്നും, എന്തോ വിനോദ പരിപാടി കാണും പോലെയാണ് അവർ പെരുമാറിയതെന്നും, മെഫബൂബ മുഫ്തി എക്സിൽ കുറിച്ചു.
"ഒരു മുസ്ലീം സ്ത്രീയുടെ ഹിജാബ് പരസ്യമായി വലിച്ചുകീറിക്കൊണ്ടുള്ള നിതീഷ് കുമാറിൻ്റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതുമാണ്.അദ്ദേഹം ആ സ്ത്രീയോടും പൊതുജനങ്ങളോടും നിരുപാധികം ക്ഷമാപണം നടത്തണം. ഭരണഘടനാ പദവിക്ക് ആവശ്യമായ മാനസിക ആരോഗ്യമില്ലാത്ത വ്യക്തിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അദ്ദേഹം അടിയന്തരമായി വൈദ്യസഹായം തേടണമെന്നും, മാറി നിൽക്കണമെന്നും ലോക്‌സഭാംഗം ആഗ സയ്യിദ് റുഹുള്ള മെഹ്ദി പ്രതികരിച്ചു.