ഡൽഹി: രാജ്യ തലസ്ഥാനത്തെ വലയ്ക്കുന്ന വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ. "ഡൽഹിയിലെ മലിനീകരണത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു," എന്നാണ് മന്ത്രി പറഞ്ഞത്. അതോടൊപ്പം മുൻ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് മന്ത്രി ഉന്നയിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് 9-10 മാസത്തിനുള്ളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) കുറയ്ക്കുക എന്നത് അസാധ്യമാണ്. വായു മലിനീകരണം എന്ന രോഗം നമ്മൾക്ക് തന്നത് ആം ആദ്മി പാർട്ടിയാണ്. അത് പരിഹരിക്കാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും ഊർജിതമാക്കാനുള്ള ശ്രമമാണ് ബിജെപിയുടെ നേതൃത്വത്തിനുള്ള സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിരത്തിലോടുന്ന വാഹനങ്ങളുടെ കാര്യത്തിലും കൃത്യമായ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിൻ്റെ ഭാഗമായി. കൃത്യമായ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നൽകില്ലെന്ന് പരിസ്ഥിതി മന്ത്രി പറഞ്ഞു. നാളെ മുതൽ ഇത് നിലവിൽ വരുമെന്നും മന്ത്രി അറയിച്ചു.
വായു മലിനീകരണം കാരണം പൊതുജനങ്ങൾക്ക് മാരകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു. ബവാനയിലാണ് ഉയർന്ന 378 എന്ന എക്യൂഐ രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ മുണ്ട്ക (370), പുസ (365), രോഹിണി (364), ഐടിഒ, വസീർപൂർ, നെഹ്‌റു നഗർ (360-361), ജഹാംഗീർപുരി, എൻഎസ്‌ഐടി ദ്വാരക (361) എന്നിങ്ങനെയാണ് എക്യൂഐ റപ്പോർട്ട് ചെയ്തിട്ടുള്ളത്.
അശോക് നഗർ (350), ഡി.ടി.യു (357), സിരിഫോർട്ട് (356), വിവേക് വിഹാർ (354), ഷാദിപൂർ (343), ആർ.കെ. പുരം (342), ദ്വാരക സെക്ടർ 8 (342), ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ച് (342) എന്നിവിടങ്ങളിലാണ് വായുവിൻ്റെ ഗുണനിലവാരം ദൈനംദിനം മോശമായി കൊണ്ടിരിക്കന്നത്. നിരവധി റെസിഡൻഷ്യൽ, വാണിജ്യ കേന്ദ്രങ്ങളിലും മലിനീകരണ തോത് ആശങ്കാജനകമാണ്.
ഐക്യുഐ പ്രകാരം നഗരത്തിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 8.5 സിഗരറ്റ് വലിക്കുന്നതിന് സാനമായി ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പൊതുജനങ്ങൾക്കായി ചില നിർദേശങ്ങളും അവർ പങ്കുവയ്ക്കുന്നുണ്ട്.
നിർദേശങ്ങൾ
*കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരുക, മലിനമായ വായു ശ്വസിക്കുന്നത് കുറയ്ക്കുന്നതിന് ജനാലകൾ അടച്ചിടുക.
*നിങ്ങളുടെ ഡോക്ടറുടെ ഉപദേശം പിന്തുടരുകയും നിർദേശിച്ച മരുന്നുകൾ പതിവായി കഴിക്കുകയും ചെയ്യുക.
*പ്രത്യേകിച്ച് കിടപ്പുമുറികളിലും പൊതു താമസസ്ഥലങ്ങളിലും, ഇൻഡോർ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക.
*പുകവലി ഒഴിവാക്കുക
*പുറത്തെ വ്യായാമങ്ങളിൽ നിന്നോ പുറത്തെ കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ നിന്നോ വിട്ടുനിൽക്കുക.