ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ അനുമതി. മുംബൈയിലെ സ്‌പെഷ്യല്‍ കോടതിയാണ് അനുമതി നല്‍കിയത്. ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ 13 അണ്‍സെക്യൂര്‍ഡ് സ്വത്തുക്കളാണ് ലേലത്തിന് വെക്കുക.
46 കോടിയോളം രൂപ വിലമതിക്കുന്നതാണ് സ്വത്തുക്കള്‍. മുംബൈയിലെ ബോറിവ്‌ലി ഈസ്റ്റിലുള്ള 2.55 കോടി വീതം വിലമതിക്കുന്ന നാല് റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റുകള്‍, ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ ഭാരത് ഡയമണ്ട് ബൂര്‍സിലുള്ള ഓഫീസ് കെട്ടിടം, രത്‌നക്കല്ലുകള്‍, സില്‍വര്‍ ബാറുകള്‍, ഗോരേഗാവ് ഈസ്റ്റിലെ വിര്‍വാണി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുള്ള നാല് വ്യാവസായിക യൂണിറ്റുകള്‍ എന്നിവയാണ് സ്വത്തുക്കള്‍.
കമ്പനിയുടെ ലിക്വിഡേറ്റര്‍മാര്‍ നല്‍കിയ അപേക്ഷയിലാണ് സ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്താനും ലേലം ചെയ്യാനും കോടതി അനുമതി നല്‍കിയത്. ലേലത്തിലൂടെ ലഭിക്കുന്ന തുക ചെലവുകള്‍ കുറച്ചതിനു ശേഷം കോടതിയുടെ പേരില്‍ ഐസിഐസിഐ ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്ത് സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.
കേസ് തീര്‍പ്പാക്കിയ ശേഷം ഈ തുക പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കമുള്ളവര്‍ക്ക് വിതരണം ചെയ്യും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറ്റാച്ച്‌മെന്റിലുള്ള സ്വത്തുക്കളണിവ.
പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും മറ്റ് ബാങ്കുകളില്‍ നിന്നുമായി ഏകദേശം 14,000 കോടി വരെ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളാണ് മെഹുല്‍ ചോക്‌സിയും അനന്തരവന്‍ നീരജ് മോദിയും. മുംബൈയിലെ പി.എന്‍.ബിയുടെ ബ്രാഡി ഹൗസ് ശാഖയിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ചാണ് ഇരുവരും ബാങ്കുകളെ കബളിപ്പിച്ചത്.
2018-ല്‍ തട്ടിപ്പ് പുറത്തു വരുന്നതിന് തൊട്ടു മുമ്പ് ചോക്‌സിയും നീരവ് മോദിയും രാജ്യം വിട്ടു. ഇതിനു ശേഷമാണ് ഇഡിയും സിബിഐയും ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ബെല്‍ജിയത്തില്‍ അറസ്റ്റിലായ ചോക്‌സിയെ ഇന്ത്യക്ക് കൈമാറാന്‍ ബെല്‍ജിയം കോടതി അനുമതി നല്‍കിയിരുന്നു.
കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വ ബാര്‍ബുഡയിലായിരുന്ന ചോക്സി പിന്നീട് ബെല്‍ജിയത്തിലേക്ക് മാറുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമയായിരുന്നു മെഹുല്‍ ചോക്സി. ഇന്ത്യയില്‍ മാത്രം നാലായിരം ബ്രാഞ്ചുകളുണ്ടായിരുന്ന ഗ്രൂപ്പ് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്നാണ് അടച്ചു പൂട്ടിയത്.