മൊബൈൽ ഫോണുകൾ വെർച്വൽ ചൂതാട്ട കേന്ദ്രമായി മാറി 
NATIONAL

മൊബൈൽ ഫോണുകൾ വെർച്വൽ ചൂതാട്ട കേന്ദ്രമായി മാറി; കർശന നിരോധനം അനിവാര്യമെന്ന് സുപ്രീം കോടതി

കുട്ടികളിലെ ഓൺലൈൻ ഗെയിമിങ് ആസക്തി ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മൊബൈൽ ഫോണുകൾ വെർച്വൽ ചൂതാട്ട കേന്ദ്രമായി മാറിയെന്ന് സുപ്രീം കോടതി. ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടവും വ്യാപകമാണ്. കർശന നിരോധനം അനിവാര്യമാണെന്നും കോടതി പറഞ്ഞു.

ഓൺലൈൻ ഗെയിമിങ് ആസക്തി പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ നിയന്ത്രണം കോടതി ശരിവച്ചു. ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട ആസക്തിയും സാമ്പത്തിക നഷ്ടങ്ങളും സാധാരണ സാമൂഹിക പ്രതിഭാസങ്ങളായി മാറിയിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.

വലിയൊരു വിഭാഗം അതിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നുണ്ട്. പൊതു സമാധാനത്തിന് ഭീഷണിയാകുന്നുവെന്നും അതിനാൽ സംസ്ഥാനങ്ങൾ നിയമനിർമാണം നടത്തണമെന്നും കോടതി പറഞ്ഞു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് II ലെ എന്‍ട്രി 34 പ്രകാരം സ്‌കില്‍ ഗെയിമുകളിലെ വാതുവയ്പ്പ് നിയന്ത്രിക്കാനും നിരോധിക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സ്‌കില്‍ ഗെയിമുകള്‍ക്ക് ലഭ്യമായ ഭരണഘടനാ സംരക്ഷണം അത്തരം ഗെയിമുകളില്‍ നടത്തുന്ന വാതുവയ്പ്പിന് ബാധകമല്ലെന്ന് കോടതി പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് വാതുവയ്പ്പും ചൂതാട്ടവും ഉള്‍പ്പെടുന്ന വ്യാപാരം നടത്താന്‍ ആര്‍ട്ടിക്കിള്‍ 19(1)(ജി) പ്രകാരം മൗലികാവകാശമില്ല.

കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമിങ് ലക്ഷ്യമിട്ടുള്ള ഭേദഗതികള്‍ റദ്ദാക്കിയ മദ്രാസ്, കര്‍ണാടക ഹൈക്കോടതികളുടെ വിധി ന്യായങ്ങള്‍ക്കെതിരെ അതതു സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

SCROLL FOR NEXT