സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക എന്നിവർ (ഫയൽ ചിത്രം) 
NATIONAL

സർക്കാരിൻ്റെ പ്രശ്നം സമരവേദിയല്ല, ജനങ്ങളുടെ പ്രതിഷേധ സ്വരം: സിജെപി

ആരോടും യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും നടത്താതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് സിജെപി നേതാക്കൾ വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഡൽഹി പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി രംഗത്ത്. ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആണിതെന്നും ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും സഹ കൺവീനർ സൗരവ് ദാസും പറഞ്ഞു. ആരോടും യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും നടത്താതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് സിജെപി നേതാക്കൾ വിമർശിച്ചു.

സർക്കാരിൻ്റെ ഇത്തരം നീക്കങ്ങൾക്കെതിരെ എക്സിലൂടെയാണ് സിജെപി നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ജന്തർമന്തിറിനെ ഔദ്യോഗിക സമരവേദിയല്ലാതാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ ജനാധിപത്യത്തെയും പൂർണ്ണമായി ഇല്ലാതാക്കുമെന്നും സർക്കാരിൻ്റെ പ്രശ്നം സമരവേദിയല്ല മറിച്ച് ജനങ്ങളുടെ പ്രതിഷേധ സ്വരമാണെന്നും അഭിജീത് ദിപ്കെ അഭിപ്രായപ്പെട്ടു.

ജന്തർമന്തിർ ഇന്ത്യയിലെ ജനങ്ങളുടെ സ്വത്താണെന്നും ഈ ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ലെന്നും സൗരവ് ദാസ് പ്രതികരിച്ചു. വരും ദിവസങ്ങളിൽ രാജ്യം മുഴുവൻ ജന്തർമന്തറായി മാറുമെന്നും പ്രതിഷേധങ്ങൾ ശക്തമായി തുടരുമെന്നും സിജെപി നേതൃത്വം മുന്നറിയിപ്പ് നൽകി.

ജന്തർമന്തറിൽ ഇനി പ്രതിഷേധമില്ല; ഡൽഹിയിൽ 3 പുതിയ സമരവേദികൾ

ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും തടയാനും ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമാണ് ദില്ലി പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. പതിറ്റാണ്ടുകളായി ദില്ലിയിലെ സമര കേന്ദ്രമായിരുന്ന ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ദില്ലി പോലീസ് ഒഴിവാക്കി. ജന്തർ മന്തറിന് പകരം പ്രക്ഷോഭങ്ങൾക്കായി ദില്ലിയിൽ മൂന്ന് പുതിയ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.

രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതുതായി അനുവദിച്ച സമരവേദികൾ. പ്രതിഷേധങ്ങൾ തടസമില്ലാതെ നടത്താൻ ബദൽ വേദികൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സമിതി നൽകിയ ശുപാർശ കൂടി പരിഗണിച്ചാണ് ഡൽഹി പൊലീസിന്‍റെ സുപ്രധാന തീരുമാനം.

പ്രതിഷേധ വേദികൾ പുനഃക്രമീകരിച്ചു കൊണ്ട് 2022 ഏപ്രിൽ 28ലെ മുൻ ഉത്തരവാണ് പൊലീസ് ഇപ്പോൾ ഭാഗികമായി ഭേദഗതി ചെയ്തത്. പ്രധാന സർക്കാർ ഓഫീസുകളും പാർലമെൻ്റും സ്ഥിതി ചെയ്യുന്ന മേഖലകളിൽ നിന്നുമുള്ള ഈ വേദി മാറ്റം പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ നിശബ്ദമാക്കാനുള്ള തന്ത്രമാണെന്ന വിമർശനം ശക്തമാണ്.

SCROLL FOR NEXT