തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടനടി രാജിവയ്ക്കണം. ജനാധിപത്യത്തെ തകര്‍ത്ത തെരഞ്ഞെടുപ്പ് ക്രമക്കേടുകളില്‍ സത്യം വെളിപ്പെടുത്തി, മാപ്പു സാക്ഷിയാകാന്‍ തയ്യാറാകണം. വോട്ട് കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നതയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആവശ്യം.
വോട്ടർപട്ടികയിൽ നിന്ന് പേരുകൾ ഏകപക്ഷീയമായി നീക്കിയതിനെ രണ്ട് കമ്മീഷണർമാർ എതിർത്തുവെന്നതാണ് വാര്‍ത്ത. വോട്ട് ചോരിയിലൂടെ താന്‍ ഉന്നയിച്ചതും അതേ കാര്യമായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. വോട്ട് ചോരിക്കു പിന്നാലെ കാനൂൻ ചോരിയും നടന്നിരിക്കുന്നു. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തത്. ആ ഗ്യാനേഷ് കുമാറാണ് എല്ലാ പ്രശ്നങ്ങള്‍ക്കും, നമ്മുടെ വോട്ടിങ് സംവിധാനം തകര്‍ത്തിനും ഉത്തരവാദിയെന്ന് മറ്റു രണ്ടു കമ്മീഷണര്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇരുവരും ബുദ്ധിപരമായാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. ഗ്യാനേഷ് കുമാര്‍ ഗൗരവമായി ചിന്തിക്കണം, മാപ്പു സാക്ഷിയാകണം. അതാണ് രാജ്യത്തിന്റെ താല്‍പ്പര്യം. തെരഞ്ഞെടുപ്പുകള്‍ കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണം.
ഇത് ഭരണഘടനയോടും രാജ്യത്തെ നിയമ ഘടനയോടുമുള്ള ആക്രമണമാണ്. വോട്ട് നശിപ്പിക്കുകയും ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കുന്നതും രാജ്യത്തിനെതിരായ കുറ്റകൃത്യവും രാജ്യദ്രോഹവുമാണ്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലുള്ള പ്രധാനികൾ. മോഷ്ടിക്കപ്പെട്ട വോട്ടിലൂടെയാണ് എംപിമാര്‍ തിരഞ്ഞെടുക്കപ്പെട്ടതെങ്കിൽ, അവർ ഉണ്ടാക്കുന്ന നിയമവും നിയമവിരുദ്ധമാണ്. അവർ നിയന്ത്രിക്കുന്ന ഏത് സ്ഥാപനപരമായ മാറ്റവും നിയമവിരുദ്ധമാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, നിശബ്ദരായി നോക്കിനില്‍ക്കില്ല. ഇതിന് ഉത്തരവാദികളായ ആളുകള്‍ ഇന്നല്ലെങ്കിൽ നാളെ ശിക്ഷിക്കപ്പെടുമെന്ന് രാഹുല്‍ പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ 30 മുതല്‍ 50 വര്‍ഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ പഴയ വീഡിയോ ദൃശ്യങ്ങളും രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇങ്ങനെ പറയാനാകില്ല. 1971ല്‍ ബംഗ്ലാദേശ് യുദ്ധവിജയത്തിനു ശേഷം ഇന്ദിര ഗാന്ധിയുടെ ജനപ്രീതി ഉച്ചസ്ഥായിയിലായിരുന്നു. എന്നാല്‍, പിന്നാലെ വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരത്തെയും സമ്മർദത്തെയും നേരിടേണ്ടിവന്നു. കോൺഗ്രസ് നേതാക്കൾക്കും പ്രാദേശിക പാർട്ടികൾക്കും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്നാൽ എന്തുകൊണ്ടോ, പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും അത് സംഭവിക്കുന്നില്ല. പിന്നെ എന്ത് ഉറപ്പിലാണ് ബിജെപി നേതാക്കള്‍ ഇങ്ങനെ സംസാരിക്കുന്നത്? ബിജെപി വിജയങ്ങളില്‍ ഭരണവിരുദ്ധവികാരമില്ലേ? ബിജെപിയുടെ വിജയം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വോട്ട് അട്ടിമറിയാണ് അവരുടെ ആത്മവിശ്വാസത്തിന് കാരണം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നിട്ടുണ്ടെന്ന് 100 ശതമാനം ഉറപ്പോടെ പറയാൻ കഴിയും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ട് സംരക്ഷിക്കേണ്ട പ്രധാന സ്ഥാപനമെങ്കിലും, കമ്മീഷന്റെ നേതൃത്വം തന്നെ വോട്ട് മോഷണത്തിന് വഴിയൊരുക്കിയിരിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
2023 ഡിസംബറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അന്വേഷണങ്ങളിൽ നിന്നും നിയമനടപടികളില്‍ നിന്നും സംരക്ഷണം നൽകുന്ന വിചിത്രമായ നിയമം പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പും, പ്രതിഷേധവും തള്ളിയായിരുന്നു അത്. മഹാദേവപുര മുതൽ ഹരിയാനയിൽ വരെ നടന്ന സംഭവങ്ങള്‍ സമാനതയുള്ളതാണ്. എന്നാല്‍, അവിടെയാന്നും വോട്ട് മോഷണം നടന്നിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഗ്യാനേഷ് കുമാര്‍ ഉള്‍പ്പെടെ ശ്രമിച്ചത്. പ്രധാനമന്ത്രി മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണ് ചെയ്തത്. സ്വാതന്ത്യാനന്തരം ഇന്ത്യൻ ജനാധിപത്യം ഇത്തരമൊരു തകർച്ച നേരിട്ടിട്ടില്ല. രാജ്യത്തിനെതിരായ കൃത്യമായ നീക്കമാണ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.