ഭോപ്പാൽ: മധ്യപ്രദേശിൽ വനംവകുപ്പ് അധികൃതർ ആദിവാസികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത സംഭവത്തിൽ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാറിനെതിരെ രൂക്ഷമായ പരസ്യവിമർശനവുമായി കേന്ദ്ര കൃഷി മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ . ചൗഹാന്റെ ലോക്‌സഭാ മണ്ഡലമായ വിദിഷയിലെ ബുധ്‌നി നിയമസഭാ പരിധിയിൽ വരുന്ന സെഹോർ ജില്ലയിലെ കോസ്മി ഗ്രാമത്തിലാണ് സംഭവം. വനഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരിൽ പ്രദേശത്തെ 12 ബറേല ആദിവാസി കുടുംബങ്ങളുടെ വീടുകളാണ് അധികൃതർ ഇടിച്ചുനിരത്തിയത്. വീടുകൾ തകർത്തതിന് പുറമെ ആദിവാസികളുടെ കൃഷി നശിപ്പിക്കുകയും ഇവർ ഉപയോഗിച്ചിരുന്ന കിണർ മണ്ണടിച്ച് മൂടുകയും ചെയ്ത നടപടിയെ ഞായറാഴ്ച സ്ഥലത്തെത്തിയ ചൗഹാൻ അപലപിച്ചു. കണ്ണീരോടെ പരാതി പറഞ്ഞ സ്ത്രീകളെയും കുട്ടികളെയും കണ്ട് വികാരാധീനനാവുകയും ഉദ്യോഗസ്ഥരെ 'പിശാചുകൾ' എന്ന് വിളിച്ച് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
തുടർന്ന് ആദിവാസികൾക്കൊപ്പം പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്ത അദ്ദേഹം, പാവപ്പെട്ട ആദിവാസികളുടെ വോട്ട് കൊണ്ടാണ് മോഹൻ യാദവ് സംസ്ഥാനത്ത് മുഖ്യമന്ത്രിയായതെന്നും വർഷങ്ങളായി ഇവർ താമസിക്കുന്ന വീടുകൾ തകർക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി. ആദിവാസി വീടുകൾ പൊളിക്കരുതെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ താൻ ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചിരുന്നതാണെന്നും, സർക്കാരിനെയും മുഖ്യമന്ത്രിയെയും ജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണോ ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി അശോക് ബർൺവാൾ, സംസ്ഥാന ബിജെപി അധ്യക്ഷൻ ഹേമന്ത് ഖണ്ഡേൽവാൾ എന്നിവരുമായി കേന്ദ്രമന്ത്രി ഫോണിൽ സംസാരിക്കുകയും ചെയ്തു.
മോഹൻ യാദവ് സർക്കാർ അധികാരമേറ്റ ശേഷം ഇത് ആദ്യമായല്ല ശിവരാജ് സിംഗ് ചൗഹാൻ പരസ്യമായി ഭരണകൂടത്തിനെതിരെ രംഗത്തെത്തുന്നത്. 2025 ജൂണിൽ സെഹോറിലെ ഖിവ്നി വന്യജീവി സങ്കേതത്തിൽ നിന്ന് ആദിവാസികളെ ഒഴിപ്പിക്കാൻ വനംവകുപ്പ് നടത്തിയ നീക്കത്തിനെതിരെ ചൗഹാൻ ശക്തമായി ഇടപെട്ടതിനെ തുടർന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെ സർക്കാർ സ്ഥലംമാറ്റുകയും കുടിയൊഴിപ്പിക്കലുകൾ നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
2026 ജൂലൈയിൽ സംസ്ഥാനത്തെ ചെറുപയർ സംഭരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്രം ക്വാട്ട അനുവദിക്കുന്നില്ലെന്ന സംസ്ഥാന കൃഷിമന്ത്രി ഐദാൽ സിംഗ് കൻസാനയുടെ വാദത്തെ തള്ളിക്കൊണ്ട്, 4.54 ലക്ഷം മെട്രിക് ടൺ ചെറുപയർ സംഭരിക്കാൻ കേന്ദ്രം നേരത്തെ തന്നെ അനുമതി നൽകിയിട്ടുണ്ടെന്നും സംഭരണം കാര്യക്ഷമമാക്കാത്തതാണ് പ്രശ്നമെന്നും ചൂണ്ടിക്കാട്ടി ചൗഹാൻ മുഖ്യമന്ത്രിക്ക് കത്തയച്ചതും വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
അതേസമയം, മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നിലവിലെ മുഖ്യമന്ത്രി മോഹൻ യാദവും തമ്മിലുള്ള ആഭ്യന്തര അധികാര വടംവലിയുടെ ഇരകളാകുന്നത് പാവപ്പെട്ട ആദിവാസികളാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ രംഗത്തെത്തി. ജനക്ഷേമത്തേക്കാൾ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും, വീടുകൾ തകർത്ത നടപടി ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് സംഭവം വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്.