തേനി: തമിഴ്നാട് തേനിയിൽ കൂട്ടത്തോടെ ജയിൽചാടിയ 17 തടവുകാരിൽ 13 പേരെയും ഒരു പകൽ കൊണ്ട് പിടികൂടി തമിഴ്നാട് പൊലീസ്. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിൽ അവസാനമായി എട്ട് പേരെ കൂടി പിടികൂടിയതോടെയാണ് ആകെ അറസ്റ്റിലായവരുടെ എണ്ണം 13 ആയത്. ഇനി നാല് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.
ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് ഇന്ന് പുലർച്ചെ 17 തടവുകാർ രക്ഷപ്പെട്ടത്. തേനി, മധുര പൊലീസ് വ്യാപകമായ തെരച്ചിലാണ് നടത്തുന്നത്. ഇതിന് പിന്നാലെയാണ് കൂടുതൽ അറസ്റ്റ്. തടവുകാരിൽ കൂട്ടത്തിൽ ഒരാൾക്ക് അപസ്മാരം വന്നെന്ന രീതിയില്‍ അഭിനയിക്കുകയും തുടർന്ന് നോക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
ജയില്‍ ചാടിയവര്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തിയില്‍ കർശന പരിശോധനയാണ് ഇപ്പോഴും നടക്കുന്നത്. കുമളി, കമ്പംമേട്, ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അന്വേഷണം ഊര്‍ജിതമാണ്. ജയില്‍ ചാടിയവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. ആയുധം കൈയില്‍ വെച്ചതിനും മറ്റു കേസുകളിലും ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് പ്രതികൾ.
പരിക്കേറ്റ ജയില്‍ വാര്‍ഡന്‍ തങ്കപാണ്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ട് പൊലീസുകാര്‍ക്ക് കൂടി പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ലിംഗം, രാജാ സിക്കന്ദര്‍, കറുപ്പസാമി, ചിലമ്പരശന്‍, തിരുപ്പതി, മീനാക്ഷിസുന്ദരം, ശബരി, പൊന്‍മുത്തു, നിജന്ത്, കാര്‍ത്തിക് രാജ, മുകിലന്‍, സെല്‍വ, തരുണ്‍, രാജ്കുമാര്‍, പ്രവീണ്‍, മുത്തു ഇളങ്കോ, രാജീവന്‍ എന്നീ പ്രതികളാണ് ജയിൽ ചാടിയത്.