സോനം തിരിച്ചുവരാനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നില്ലെന്ന് മേഘാലയയില്‍ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ അമ്മ ഉമ. ദമ്പതികള്‍ അവരുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം എല്ലാം എടുത്തുകൊണ്ടാണ് ഹണിമൂണ്‍ യാത്രയ്ക്ക് പുറപ്പെട്ടതെന്നും അമ്മ പറയുന്നു.
രാജ പത്ത് ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നു. കൂട്ടത്തില്‍ ഡയമണ്ട് മോതിരവും മാലയും ബ്രേസിലേറ്റും ഉണ്ടെന്നും അദ്ദേഹം പറയുന്നു. എന്തിനാണ് ഇത്രയും ആഭരണങ്ങള്‍ ധരിച്ചു പോകുന്നതെന്ന് ചോദിച്ചപ്പോള്‍ സോനമാണ് എല്ലാം ധരിക്കാന്‍ പറഞ്ഞതെന്ന് മകന്‍ തന്നോട് പറഞ്ഞിരുന്നതായും അമ്മ പറഞ്ഞു.
'കൊലപാതകത്തില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അവളെ തൂക്കിക്കൊല്ലണം. ഇന്ന് രാവിലെ പോലും സോനത്തെ കണ്ടെത്തിയ കാര്യം പറഞ്ഞില്ല. ഒരു സിബിഐ അന്വേഷണം ഉറപ്പായും നടത്തണം. സോനം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ അവളെ പ്രതിയാക്കുന്നതെന്തിനാണ്? സോനത്തിന് നല്ല സ്വഭാവമായിരുന്നു. അവള്‍ എന്നെ വന്ന് കെട്ടിപ്പിടിക്കുമായിരുന്നു,' ഉമ പറഞ്ഞു.
സോനം തന്റെ മകനെ സ്‌നേഹിച്ചിരുന്നുവെങ്കില്‍ എന്തിനാണ് അവനെ മരണത്തിന് വിട്ടുകൊടുത്തത്. അവള്‍ക്ക് എങ്ങനെയാണ് സുരക്ഷിതയായിരിക്കാന്‍ സാധിക്കുക? ഇതിന് പിന്നിലുള്ള എല്ലാവരെയും ഉറപ്പായും ശിക്ഷിക്കണമെന്നും ഉമ പറഞ്ഞു.
മെയ് 23നാണ് ദമ്പതികളെ മേഘാലയയില്‍ നിന്ന് കാണാതായത്. എന്നാല്‍ 11 ദിവസത്തെ തെരച്ചിലിനൊടുവില്‍ ഭര്‍ത്താവായ രാജ രഘുവംശിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ സോനത്തെ വീണ്ടും നടത്തിയ തെരച്ചിലിലൊന്നും കണ്ടെത്താനും കഴിഞ്ഞില്ല. എന്നാല്‍ യുവതിയെ ഉത്തര്‍പ്രദേശില്‍ നിന്ന് കണ്ടെത്തി. നിലവില്‍ ഘാസിപൂരിലെ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണെന്നുമാണ് മേഘാലയ പൊലീസ് നല്‍കുന്ന വിവരം.
ഭാര്യ സോനമാണ് രാജ രഘുവംശിയെ കൊലപ്പെടുത്താന്‍ കോണ്‍ട്രാക്ട് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി മേഘാലയ ഡിജിപി ഇഡാഷിഷ നോണ്‍ഗ്രാംഗ് പറഞ്ഞു.
ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റു രണ്ടു പേരെ ഇന്‍ഡോറില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. യുവാവിനെ കൊലപ്പെടുത്താന്‍ സോനമാണ് തങ്ങള്‍ക്ക് കോണ്‍ട്രാക്ട് തന്നതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
കാണാതായെന്ന് പറയുന്ന ദിവസം ദമ്പതികളെയും മൂന്ന് യുവാക്കളെയും കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് അവകാശപ്പെട്ടിരുന്നു. അഞ്ച് പേരും രാവിലെ പത്ത് മണിയോടെ നോണ്‍ഗ്രിട്ടില്‍ നിന്നും മവ്ലാഖിയാട്ടിലേക്ക് കയറുന്നതാണ് കണ്ടതെന്നാണ് ഗൈഡ് പറഞ്ഞത്. അതിന് തലേദിവസം നോണ്‍ഗ്രിയാട്ട് ഇറങ്ങി വരുമ്പോള്‍ താന്‍ സഹായിക്കാമെന്ന് പറഞ്ഞെങ്കിലും ദമ്പതികള്‍ അത് നിരസിച്ച് മറ്റൊരു ഗൈഡിനെ സമീപിച്ചിരുന്നു. അതുകൊണ്ടാണ് ഇവരെ താന്‍ ഓര്‍ത്തിരുന്നതെന്നാണ് ഗൈഡ് പറഞ്ഞത്.