
പ്രധാനമന്ത്രി പദത്തിൽ 11 വർഷം പൂർത്തിയാക്കി നരേന്ദ്രമോദി. മൂന്നാം മോദി സർക്കാരിൻ്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി. 11 വർഷം കൊണ്ട് വിവിധ മേഖലകളിൽ രാജ്യം പരിവർത്തനത്തിന് സാക്ഷിയായെന്ന് മോദി എക്സിൽ കുറിച്ചു. 11 വർഷം കൊണ്ട് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറുക മാത്രമല്ല, കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ വിഷയങ്ങളിൽ ഇന്ത്യ ആഗോള ശബ്ദമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. വിവിധ മേഖലകളിലുള്ള പരിവർത്തനത്തിന് രാജ്യം സാക്ഷിയായെന്നും മോദി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ജൂൺ ഒമ്പതിനാണ് മൂന്നാം മോദി സർക്കാർ അധികാരമേറ്റത്. പെഹൽഗാം ആക്രമണത്തിന് മറുപടിയായി ഭീകരരെ ഉന്നമിട്ട് പാക്ക് അതിർത്തി കടന്ന് നടത്തിയ ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം കണ്ടതിൻ്റെ തിളക്കത്തിലാണ് സർക്കാരിൻ്റെ വാർഷികാഘോഷം. വഖഫ് നിയമത്തിലെ ഭേദഗതിയും 11ാം വർഷത്തിലെ നേട്ടമായാണ് സർക്കാർ ഉയത്തിക്കാട്ടുന്നത്. മോദി സർക്കാരിൻ്റെ 11ാം വാർഷികത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് കേന്ദ്രസർക്കാരും ബിജെപിയും ആസൂത്രണം ചെയ്തിരിക്കുന്നത്.
സർക്കാരിൻ്റെ 11 വർഷത്തെ നേട്ടങ്ങൾ വ്യക്തമാക്കി കേന്ദ്രസർക്കാർ ഇ-ബുക്ക് പുറത്തിറക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ ജനങ്ങളെ സംഘടിപ്പിക്കുന്നതിനൊപ്പം സർക്കാർ നേട്ടങ്ങളും ഭാവി പരിപാടികളും വിശദീകരിക്കാൻ ബിജെപി നേതാക്കൾ രാജ്യത്തുടനീളം വാർത്താ സമ്മേളനങ്ങൾ നടത്തും. അതേസമയം, രാജ്യത്തിന് ഭാരമായി മാറിയ 11 വർഷങ്ങളെന്നാണ് മോദി ഭരണത്തെ കോൺഗ്രസ് വിശേഷിപ്പിച്ചത്. 11 വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ വാർത്താ സമ്മേളനം നടത്തണമെന്ന കോൺഗ്രസിൻ്റെ വെല്ലുവിളിയിൽ നിന്ന് പ്രധാനമന്ത്രി ഒളിച്ചോടിയെന്ന് ജയറാം രമേശ് വിമർശിച്ചു.