മുംബൈ: കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചുവെന്ന സംഭവത്തില്‍ ട്വിസ്റ്റ്. മരണ കാരണം തണ്ണിമത്തനിലൂടെയുള്ള ഭക്ഷ്യവിഷബാധയല്ലെന്നും മറ്റെന്തോ വിഷാംശമാണെന്നുമാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
നാല് പേരുടെയും കരളും തലച്ചോറും കുടലും ഹൃദയവുമടക്കം പച്ച നിറത്തിലായിരുന്നുവെന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇത് മാരകമായ മറ്റെന്തോ വിഷാംശം ഉള്ളില്‍ ചെന്നതുകൊണ്ടാണെന്നാണ് ഫോറന്‍സിക് നിരീക്ഷണം.
അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്‌റീന്‍ (35), മക്കളായ സൈനാബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. നാല് പേരും ബന്ധുക്കളുടെ കൂടെ ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചു. മട്ടന്‍ പുലാവായിരുന്നു കഴിച്ചത്. ബന്ധുക്കള്‍ പോയ ശേഷം തണ്ണിമത്തന്‍ കഴിച്ചു. ഇതിന് പിന്നാലെ പുലര്‍ച്ചെയോടെ നാല് പേര്‍ക്കും ഛര്‍ദിയും വയറിളക്കവുമുണ്ടായി. ഇതോടെ ഭക്ഷ്യവിഷബാധയാണെന്ന് കരുതി. എന്നാല്‍ നാല് പേരും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരിക്കുകയായിരുന്നു.
അവര്‍ക്കുണ്ടായ ലക്ഷണങ്ങളും മരണശേഷം ആന്തരികാവയവങ്ങളും പരിശോധിക്കുമ്പോള്‍ അത് ഭക്ഷ്യവിഷബാധയല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഡോക്ടര്‍മാര്‍. അബ്ദുള്ളയുടെ ശരീരത്തില്‍ നിന്ന് മോര്‍ഫിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇത് അബ്ദുള്ള ഏതെങ്കിലും മരുന്ന കഴിച്ചതിനാലാണെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. എന്തായാലും ഇതോടെ കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹതയേറുകയാണ്.