NATIONAL

ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്; കാരണമിതാണ്...

ഒക്ടോബർ 28നകം ഇന്ത്യ വിട്ടുപോകണമെന്നാണ് മുംബൈ പൊലീസ് നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നത്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: വോട്ട് ചോരി ആരോപണത്തിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്. നടൻ ആമിർ ഖാൻ്റെ അനന്തരവനായ ഇമ്രാൻ ഖാൻ ഇമിഗ്രേഷൻ ആക്ട് പ്രകാരമുള്ള നിയമനടപടികളാണ് പൊലീസിൽ നിന്ന് നേരിടുന്നത്. താരം ഒക്ടോബർ 28നകം ഇന്ത്യ വിട്ടുപോകണമെന്നാണ് മുംബൈ പൊലീസ് നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നത്.

നിലവിൽ യുഎസ് പൗരത്വമുള്ളയാളാണ് ഇമ്രാൻ ഖാൻ. വിദേശ ഇന്ത്യൻ പൗരൻ എന്ന ഓവർസീസ് സിറ്റിസൺ കാർഡ് പ്രകാരമാണ് നടൻ ഇന്ത്യയിൽ തുടരുന്നതെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവായ കിരിത് സോമയ്യയാണ് മുംബൈ പൊലീസിനെ സമീപിച്ചത്. "നിയമവിരുദ്ധമായ രാഷ്ട്രീയ പ്രക്ഷോഭത്തിൽ" പങ്കെടുത്തതിനും "ഒസിഐ വ്യവസ്ഥകളും വിസ വ്യവസ്ഥകളും ലംഘിച്ചതിനും" നടനെതിരെ കുറ്റം ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബർ 10ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയവരിൽ നടനും ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പങ്കാളിയും നടിയുമായ ലേഖ വാഷിംഗ്ടൺ, കസിൻ സെയ്ൻ മേരി ഖാൻ എന്നിവരും അദ്ദേഹത്തോടൊപ്പം ചേർന്നു. പ്രതിഷേധത്തിനിടെ മൂന്ന് പേരെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു.

മുംബൈയിലെ ഒരു പൗരനായിട്ടാണ് താൻ അവിടെ എത്തിയതെന്നും പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ഇമ്രാൻ ഖാൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. “എനിക്ക് ആവശ്യങ്ങളൊന്നുമില്ല. ഒരു പൗരനെന്ന നിലയിലാണ്, ഈ നഗരത്തിൽ താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് ഞാൻ ഇവിടെയെത്തിയത്. സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാണ് ഞാൻ ശ്രമിച്ചത്. ഇവിടെ എന്തുകൊണ്ടാണ് ആളുകളുടെ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നത്? അതുകൊണ്ടാണ് ഞാൻ അവിടെയെത്തിയത്,” എന്ന് ഇമ്രാൻ വിശദീകരിച്ചിരുന്നു.

സിജെപി പ്രതിഷേധത്തിനിടെ, തുഷാർ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'ഹം ഭാരത് കെ ലോഗ്' സംഘടനയിലെ അംഗങ്ങളും സിപിഐഎം പ്രവർത്തകരും ഉൾപ്പെടെ 400 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

SCROLL FOR NEXT