പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മൂന്ന് വർഷത്തോളം മുംബൈയിലെ അപാർട്മെൻ്റിൽ കഴിഞ്ഞ 55കാരനെ രക്ഷപ്പെടുത്തി സമൂഹിക പ്രവർത്തകർ. കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്ന അനൂപ് കുമാർ നായർ എന്ന മുംബൈ ടെക്കിയെയാണ് സമൂഹ്യപ്രവർത്തകർ രക്ഷപ്പെടുത്തിയത്. ഓൺലൈൻ ഫുഡി ഡെലിവറി ആപ്പുകളിൽ ഭക്ഷണം ഓർഡർ ചെയ്യാൻ മാത്രമായിരുന്നു ഇയാൾ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്.
കമ്പ്യൂട്ടർ പ്രോഗ്രാമറായി ജോലി ചെയ്തിരുന്ന അനൂപ് കുമാർ നായർ ജുയിനഗർ സെക്ടർ 24ലെ ഘർകൂൾ സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. പൻവേൽ ആസ്ഥാനമായുള്ള സമൂഹ്യസംഘടനയായ സീലിലെ (സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ്) പ്രവർത്തകർ പറയുന്നതനുസരിച്ച്, മൂന്ന് വർഷത്തിലേറെയായി ഇയാൾ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിട്ടില്ല.
മനുഷ്യ വിസര്‍ജ്ജ്യമടക്കം നിറഞ്ഞ മുറിയില്‍ ഏകാന്ത വാസത്തിലായിരുന്നു അനൂപ്. അനൂപിൻ്റെ അപാർട്മെൻ്റ് സ്ഥിതി ചെയ്യുന്ന സൊസൈറ്റിയിലെ താമസക്കാരനാണ് സീലിനെ വിവരമറിയിക്കുന്നത്. ഉടൻ തന്നെ അനൂപിൻ്റെ അപാർട്മെൻ്റിലെത്തിയ എൻജിഒ സംഘം വൈദ്യചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു.
സീലിന്റെ സംഘം എത്തിയപ്പോൾ മലമൂത്ര വിസര്‍ജ്യങ്ങള്‍ നിറഞ്ഞ അസഹനീയമാംവിധം ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു അപാർട്മെൻ്റ്. താടിയും മുടിയും നീട്ടി വളർത്തിയ അനൂപിൻ്റെ കാലിൽ ഗുരുതരമായ അണുബാധയുമുണ്ടായിരുന്നു. സ്വീകരണമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന കസേരയില്‍ ഇരുന്നാണ് അനൂപ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉറങ്ങുക വരെ ചെയ്തിരുന്നതെന്ന് സീൽ പാസ്റ്റർ ഫിലിപ്പ് പറയുന്നു.
മാതാപിതാക്കളുടെ മരണവും 20ഓളം വർഷങ്ങൾക്ക് മുൻപുണ്ടായ സഹോദരന്റെ ആത്മഹത്യയുമെല്ലാമാണ് അനൂപ് നായരെ വിഷാദരോഗത്തിലേക്ക് തള്ളി വിട്ടത്. ഇന്ത്യൻ വ്യോമസേനയിലായിരുന്നു (ടെലികമ്മ്യൂണിക്കേഷൻ ബ്രാഞ്ച്) അനൂപിൻ്റെ അമ്മ പൊന്നമ്മ നായരുടെ ജോലി. അച്ഛൻ വി.പി. കുട്ടി കൃഷ്ണൻ നായർ മുംബൈയിലെ ടാറ്റ ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരുടെയും മരണശേഷം വൈകാരികമായി തളർന്ന ഇയാൾ കൂടുതൽ ഒറ്റപ്പെടുകയും ചെയ്തു. ഒടുവിൽ, സുഹൃത്തുക്കളിൽ നിന്നും അയൽക്കാരിൽ നിന്നും സമൂഹത്തിൽ നിന്നും വേർപിരിഞ്ഞുകൊണ്ട് അനൂപ് പൂർണ്ണമായും ഒറ്റപ്പെടാൻ തീരുമാനിക്കുകയായിരുന്നു.
നിലവിൽ പൻവേലിലെ സീൽ ആശ്രമത്തിൽ ചികിത്സയിലും പുനരധിവാസത്തിലും കഴിയുകയാണ് അനൂപ്. വൈകാരികമായി ഇപ്പോഴും ദുർബലനാണെങ്കിലും, അനൂപിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിലും മാനസികാരോഗ്യത്തിലും പുരോഗതിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്ന് ഡോക്ടർമാർ പറയുന്നു.