Murder Accused's Hand Chopped Off With Machete, Then Shot Outside Pune Court 
NATIONAL

സിനിമാ രംഗങ്ങളെ തോല്‍പ്പിക്കുന്ന വയലന്‍സ്: കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്ത് ആക്രമി സംഘം, വൈറലായി ദൃശ്യങ്ങള്‍

നാല് ദിവസം മുമ്പ് ജയിലിൽ നിന്ന് പുറത്തിറങ്ങി നിയമനടപടികൾക്കായി കോടതിയിൽ എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

പൂനെ: മഹാരാഷ്ട്രയിലെ ശിവാജിനഗറിൽ കോടതിയിൽ നിയമനടപടികൾക്കായി എത്തിയ കൊലക്കേസ് പ്രതിയെ അജ്ഞാതർ വടിവാൾ ഉപയോഗിച്ച് വെട്ടുകയും വെടിവെക്കുകയും ചെയ്തതായി റിപ്പോർട്ട്. മന്ദർ മാരുതി കിവാളെ എന്നയാളാണ് ആക്രമണത്തിന് ഇരയായത്. പൂനെയിലെ ശിവാജിനഗർ കോടതി പരിസരത്തിന് പുറത്ത് ആറ് പേർ ചേർന്ന് മന്ദർ മാരുതി കിവാളെയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ആക്രമണത്തിന് ശേഷം പ്രതികൾ രണ്ട് സ്കൂട്ടറുകളിലായി രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ച് എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നതും പിന്നീട് ഒരു കൈ അറ്റ നിലയിൽ ഫുട്പാത്തിൽ കിടക്കുന്നതുമായ കിവാളയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. സംഭവ സ്ഥലത്ത് ആളുകൾ നോക്കിനിൽക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കിവാളെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പിസ്റ്റളുകളും ഒരു മാഗസിനും പൊലീസ് കണ്ടെടുത്തു.

പൊലീസ് പറയുന്നതനുസരിച്ച്, ഭൂമി-സാമ്പത്തിക തർക്കത്തെ തുടർന്ന് 2025 ഏപ്രിലിൽ പൂനെയിലെ സന്തോഷ് നഗർ കാട്രജിൽ വെച്ച് 26-കാരനായ ഹോട്ടലുടമ ശുഭം സുഭാഷ് ചവാനെ കൊലപ്പെടുത്തിയ കേസിലാണ് കിവാളെ ജയിലിലായത്.

കിവാളെയും കൂട്ടാളികളും ചേർന്ന് ക്രിക്കറ്റ് ബാറ്റും മുളവടിയും ഉപയോഗിച്ച് ചവാനെ മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. ഈ കേസിൽ അമർ സകോരെ, ഗിരീഷ് സുഭാഷ് ബാബരെ, യോഗേഷ് ബാബൗറാവോ ഡോറെ എന്നിവർക്കൊപ്പം കിവാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നാല് ദിവസം മുമ്പ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ കിവാളെ നിയമനടപടികൾക്കായി കോടതിയിൽ എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാർ പൂനെ പൊലീസ് കമ്മീഷണറുമായി സംസാരിക്കുകയും വിവരങ്ങൾ തേടുകയും ചെയ്തു. പ്രതികളെ ഉടൻ പിടികൂടാനും കർശന നടപടി സ്വീകരിക്കാനും അവർ പൊലീസിന് നിർദ്ദേശം നൽകി.

SCROLL FOR NEXT