Supreme court  Source :ഫയൽ ചിത്രം
NATIONAL

പത്ത് വര്‍ഷത്തിനിടെ അയ്യായിരത്തിലധികം കേസുകള്‍, ശിക്ഷാ നിരക്ക് പത്ത് ശതമാനത്തില്‍ താഴെ: ഇഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി

ഇഡിയുടെ പ്രതിച്ഛായയെക്കുറിച്ചും ആശങ്കയുണ്ടെന്ന് കോടതി

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇഡിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി. ഇഡി അന്വേഷണത്തിന്റെ കാര്യത്തില്‍ വളഞ്ഞ വഴികള്‍ സ്വീകരിക്കരുത്. നിയമത്തിന്റെ നാല് ചുവരുകളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി വിമര്‍ശിച്ചു.

പത്ത് വര്‍ഷത്തിനിടെ 5000 ല്‍ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശിക്ഷാ നിരക്ക് 10% ല്‍ താഴെയാണ്. വര്‍ഷങ്ങളോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ് പിന്നീട് കുറ്റവിമുക്തരാക്കുന്നവര്‍ക്കുള്ള നഷ്ടം നികത്തുന്നത് ആരാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമല്ല, ഇഡിയുടെ പ്രതിച്ഛായയെക്കുറിച്ചും കോടതിക്ക് ആശങ്കയുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു.

ഇഡിക്ക് വഞ്ചകനെ പോലെ പെരുമാറാന്‍ കഴിയില്ലെന്നും നിയമത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി താക്കീത് നല്‍കി. വിജയ് മദന്‍ലാല്‍ ചൗധരി കേസിലെ 2022 ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

വാദത്തിനിടയില്‍ പ്രതിക്ക് ഇസിഐആറിന്റെ (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) നല്‍കാന്‍ ബാധ്യതയില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. പ്രതി കേമാന്‍ ദ്വീപുകളിലേക്ക് കടന്നതിനാല്‍ അന്വേഷണം മുന്നോട്ടുപോകാത്ത അവസ്ഥയിലാണെന്നും എഎസ്ജി പറഞ്ഞു. വഞ്ചകര്‍ക്ക് പല കഴിവുകള്‍ ഉണ്ടെങ്കില്‍ പാവപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ അവസ്ഥ അങ്ങനെയല്ലെന്നും എഎസ്ജി കോടതിയില്‍ പറഞ്ഞു.

ഇതിനു മറുപടിയായിട്ടായിരുന്നു ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്റെ പരാമര്‍ശങ്ങള്‍. നിങ്ങള്‍ക്ക് ഒരു വഞ്ചകനെ പോലെ പെരുമാറാന്‍ കഴിയില്ല, നിയമത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ടവരാണ്. അയ്യായിരത്തിലധികം കേസുകളാണ് ഇഡി രജിസ്റ്റര്‍ ചെയ്തത്, ഇതിലെ ശിക്ഷാ നിരക്ക് പത്ത് ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് കോടതി നടപടികളില്‍ നിന്ന് മനസ്സിലാകുന്നത്. അതിനാലാണ് അന്വേഷണം മെച്ചപ്പെടുത്താന്‍ നിര്‍ദേശിക്കുന്നത്. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് മാത്രമല്ല, ഇഡിയുടെ പ്രതിച്ഛായയെ കുറിച്ചും കോടതിക്ക് ആശങ്കയുണ്ട്. 5-6 വര്‍ഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചതിനു ശേഷം കുറ്റവിമുക്തനാക്കിയാല്‍ അതിന് ആര് വില നല്‍കുമെന്നും ജസ്റ്റിസ് ഭുയാന്‍ ചോദിച്ചു.

എന്നാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് എഎസ്ജി വാദിച്ചു. സ്വാധീനമുള്ള പ്രതികള്‍ അന്വേഷണം വൈകിപ്പിക്കാന്‍ ഒന്നിനു പുറകെ ഒന്നായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനാലാണ് വിചാരണ വൈകുന്നതെന്നും എഎസ്ജി പറഞ്ഞു.

ഇന്ന് സു്പരീം കോടതിയിലെത്തിയ മറ്റൊരു കേസിലും ഇഡിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് ആണ് ഇഡിയുടെ കുറഞ്ഞ ശിക്ഷാ നിരക്ക് ചൂണ്ടിക്കാട്ടി വിമര്‍ശിച്ചത്. ആരോപണ വിധേയന്‍ കുറ്റക്കാരനാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പോലും വിചാരണ കൂടാതെ വര്‍ഷങ്ങളോളം ജയിലിലടച്ച് ശിക്ഷിക്കുന്നതില്‍ ഇഡി വിജയിച്ചുവെന്നാണ് ചീഫ് ജസ്റ്റിസ് പരിഹസിച്ചത്.

SCROLL FOR NEXT