Source: Files
NATIONAL

'പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുൻപേ വോട്ടർ പട്ടികയിൽ പേര്'; സോണിയക്ക് കുരുക്കായി ഡൽഹി പൊലീസ് റിപ്പോർട്ട്

1980ലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേരുണ്ടായിരുന്നുവെന്നും എന്നാൽ 1983 ഏപ്രിൽ 30നാണ് അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നുമാണ് പൊലീസ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പൗരത്വത്തിന് മുൻപ് വോട്ടർ പട്ടികയിൽ പേര് വന്നെന്ന വിവാദത്തിൽ സോണിയ ഗാന്ധിക്ക് കുരുക്കായി ഡൽഹി പൊലീസ് റിപ്പോർട്ട്. 1980ൽ തന്നെ സോണിയയുടെ പേര് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്നും പൗരത്വം നേടിയത് 1983ലെന്നും ഡൽഹി റൗസ് അവന്യൂ കോടതിയിൽ പൊലീസ്. കേന്ദ്ര മന്ത്രാലയത്തിലെ രേഖകൾ ക്രമക്കേട് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോർട്ട്.

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുൻപേ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നതായാണ് ഡൽഹി പൊലീസ് കോടതിയിൽ അറിയിച്ചത്. 1980ലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേരുണ്ടായിരുന്നുവെന്നും എന്നാൽ 1983 ഏപ്രിൽ 30നാണ് അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നുമാണ് പൊലീസ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ന്യൂ ഡൽഹി ജില്ലാ മജിസ്‌ട്രേറ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

അഭിഭാഷകനായ വികാസ് ത്രിപാഠി നൽകിയ പരാതിയിലാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ് സോണിയ ഗാന്ധിയുടെ പേര് എങ്ങനെയാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടതെന്നാണ് പരാതിയിലെ പ്രധാന ചോദ്യം. 1980ൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്നും 1982ൽ നീക്കം ചെയ്തെന്നും പിന്നീട് 1983ൽ വീണ്ടും ഉൾപ്പെടുത്തിയെന്നുമാണ് പരാതിക്കാരന്റെ ആരോപണം. ഇത് വ്യാജരേഖ ചമയ്ക്കലിന്റെയോ ക്രമക്കേടിന്റെയോ ഭാഗമാണോയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് പ്രകാരം 1980, 1981, 1982, 1983 വർഷങ്ങളിലെ വോട്ടർ പട്ടികകളിൽ സോണിയ ഗാന്ധിയുടെ പേര് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, 1980ലും 1983ലും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി സമർപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും നിലവിൽ ലഭ്യമല്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഈ രേഖകളുടെ അഭാവം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തിയിരുന്നോ എന്നറിയാൻ ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറോടും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.

അതേസമയം, സോണിയ ഗാന്ധിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും നിയമനടപടികളെ ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണെന്നും അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വ്യാജരേഖയോ തെറ്റായ വിവരങ്ങളോ സമർപ്പിച്ചതിന് പരാതിക്കാരന്റെ പക്കൽ തെളിവുകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ 2025 സെപ്റ്റംബറിൽ മജിസ്‌ട്രേറ്റ് കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം തള്ളിയിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബറിൽ സെഷൻസ് കോടതി ഈ ഉത്തരവ് റദ്ദാക്കുകയും പരാതി വീണ്ടും പരിഗണിക്കാൻ നിർദേശിക്കുകയും ചെയ്തു.

പൊലീസ് അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച കോടതി, ഡിസംബർ 14നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. പരാതിയിൽ കേസെടുക്കാവുന്ന കുറ്റകൃത്യം നിലനിൽക്കുന്നുണ്ടോയെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കണം. നിലവിൽ സോണിയ ഗാന്ധിക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT