Source: Dooradarshan
NATIONAL

ശംഖുമുഖത്ത് അണിനിരന്ന് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും; നാവിക സേന സൂപ്പർ പവറായി മാറിയെന്ന് രാഷ്ട്രപതി

നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾക്ക് ശംഖുമുഖത്ത് സമാപനമായി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യൻ നാവിക സേനയുടെ കരുത്തുകാട്ടി ഓപ്പറേഷൻ ഡെമോ. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾക്ക് ശംഖുമുഖത്ത് സമാപനമായി. അഭ്യാസപ്രകടനങ്ങൾക്ക് കരുത്തേകി ഐഎൻഎസ് വിക്രാന്തും മിഗ് 29 വിമാനങ്ങളും. ചോള രാജ്യ പാരമ്പര്യം മുതൽ കുഞ്ഞാലി മരയ്ക്കാർ വരെ നീളുന്നതാണ് നാവിക പാരമ്പര്യമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു സംസാരിച്ചു.

നാവികസേനയുടെ ഭാഗമായ സീ കേഡറ്റുകളുടെയും കലാ കേരളത്തിന്റെ ദൃശ്യവിഷ്കരണത്തോടെയും ചടങ്ങുകൾക്ക് തുടക്കം. വിമാനത്താവളത്തിൽ നിന്നും ശംഖുമുഖം തീരത്തേക്കെത്തിയ രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരണം. അതേസമയം കടലിൽ നിന്നും ഇന്ത്യയുടെ സർവസൈന്യാധിപതിക്ക് ഐഎൻഎസ് കൊൽക്കത്തയുടെ ഗൺ സല്യൂട്ട്.

ശംഖുമുഖത്തേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി എംഎച്ച് 60 ആർ ഹെലികോപ്റ്ററുകൾ രാഷ്ട്രപതിക്ക് ആകാശത്ത് നിന്നും സല്യൂട്ട് നൽകി. പിന്നാലെ പോർമുഖത്തെ നാവിക സേനയുടെ പ്രവർത്തനങ്ങൾ പുനരാവിഷ്കരിച്ചു അഭ്യാസപ്രകടനങ്ങൾ നടത്തി. നടുക്കടലിൽ നിന്നും മിഗ് 29 യുദ്ധവിമാനമുയർത്തി ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത്. സീ ക്കിങ്, സീ ഹോക്, കമാവോ, പി. 8 ഐ എയർക്രാഫ്റ്റുകളും കാണികളെ മുൾമുനയിൽ നിർത്തിയ അഭ്യാസപ്രകടനങ്ങളുമായി ചടങ്ങിന്റെ ഭാഗമായി.

സൂപ്പർ പവറായി ഇന്ത്യൻ നാവികസേന മാറിയെന്ന് ചടങ്ങിന് അഭിസംബോധന ചെയ്ത് രാഷ്ട്രപതി മുർമു പറഞ്ഞു. ചടങ്ങുകൾക്ക് ശേഷം കേരള ലോക് ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ തിരികെ ഡൽഹിയിലേക്ക് മടങ്ങും.

SCROLL FOR NEXT