NATIONAL

എസ്‌ഐആറും അടിയന്തരാവസ്ഥയും അകത്ത്, ഭരണഘടനയുടെ ആമുഖവും മതേതരത്വവും പുറത്ത്; എന്‍സിഇആര്‍ടി പാഠപുസ്തകം വിവാദത്തിൽ

ജൂണ്‍ 25ന് പുറത്തിറക്കിയ ഒന്‍പതാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തിലാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണവും അടിയന്തരാവസ്ഥയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: എന്‍സിഇആര്‍ടിയുടെ ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ ഭരണഘടനയുടെ ആമുഖവും മതേതരത്വം സംബന്ധിച്ച ഭാഗങ്ങളും ഒഴിവാക്കി. പകരം എസ്‌ഐആറും അടിയന്തരാവസ്ഥയും ഉള്‍ക്കൊള്ളിച്ചു.

ഒരു വോട്ടും പുറത്താകാതിരിക്കാനാണ് പരിഷ്‌കരണമെന്നാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെക്കുറിച്ചുള്ള പാഠഭാഗത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ജൂണ്‍ 25ന് പുറത്തിറക്കിയ ഒന്‍പതാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തിലാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണവും അടിയന്തരാവസ്ഥയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യമായാണ് പാഠപുസ്തകത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടുന്നത്.

ഭരണഘടനയുടെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന മതേതര, മതേതരത്വം തുടങ്ങിയ വാക്കുകള്‍ കഴിഞ്ഞ പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതാണ് ഇക്കുറി ഒഴിവാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ എന്‍സിഇആര്‍ടിയുടെ കഥാപുസ്തകത്തിന്റെ പേര് കൃഷ്ണ എന്ന് പേര് മാറ്റിയത് വിവാദമായിരുന്നു. പുരാണ കഥകള്‍ ഉള്‍പ്പെടുത്തിയായിരുന്നു പുസ്തകം ഇറക്കിയത്. ആറാം ക്ലാസ് പാഠപുസ്തകത്തിനാണ് 'കൃഷ്ണ' എന്ന് പേരിട്ടത്. വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത മൂന്നാം വിഷയമായി പഠിപ്പിക്കുന്ന 'കന്നഡ ആര്‍-3' എന്ന പുസ്തകത്തിന്റെ പേരിനെ ചൊല്ലിയാണ് വിവാദം.

പേരിന് പുറമെ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ചും ആശങ്കകള്‍ അറിയിച്ച് വിദ്യാഭ്യാസ വിദഗ്ദരും സംഘടനകളും രംഗത്തെത്തി. പുരാണം, മതപരമായ കഥകള്‍, സസ്യാഹാരശീലം, ദൈവകേന്ദ്രീകൃതമായ വിവരണങ്ങള്‍ തുടങ്ങിയവ പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിമര്‍ശനം. പാഠ പുസ്തകങ്ങളെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള ആയുധങ്ങളായി മാറ്റുന്നത് അപകടകരമാണെന്നും കര്‍ണാടകയുടെ സാംസ്‌കാരികവും സാമൂഹികവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന പാഠങ്ങളൊന്നും പുസ്തകത്തിലില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

SCROLL FOR NEXT