പാറ്റ്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരി എൻഡിഎയുടെ വിജയത്തേരോട്ടം. 243ൽ 200ലേറെ സീറ്റ് നേടിയാണ് എൻഡിഎ ചരിത്രവിജയം കൈവരിച്ചത്. മത്സരിച്ച 101ൽ 90ലേറെ സീറ്റ് ബിജെപി നേടി. നാൽപ്പതോളം സീറ്റ് വർധിപ്പിച്ച് ജെഡിയു വൻ കുതിച്ചുചാട്ടം നടത്തി. എന്നാൽ ആർജെഡി നയിക്കുന്ന മഹാസഖ്യം തകർന്നടിഞ്ഞു. അതിദയനീയമായിരുന്നു കോൺഗ്രസിൻ്റെ പ്രകടനം.
വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ എരിപൊരിയായി നിന്നത് നിതീഷ് കുമാർ. ഇപ്പോഴും ബിഹാർ ജനത നെഞ്ചേറ്റുന്നത് ഈ പഴയ സോഷ്യലിസ്റ്റിനെയാണെന്ന് ജനവിധിയിൽ തെളിഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ ജിതിൻ റാം മഞ്ചിയുടെ ഒന്നരവർഷം മാറ്റി നിർത്തിയാൽ ബിഹാറിൽ നിതീഷ് മാത്രമായിരുന്നു. ഇനിയും അങ്ങനെ തന്നെ മതി എന്നാണ് ആ ജനത തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷവും ബിഹാറിലെ മൂന്നാമത്തെ പാർട്ടി മാത്രമായിരുന്നു ജെഡിയു. എന്നിട്ടും തേജസ്വിയുടെയും ബിജെപിയുടെയും കൂടെ കൂടി മുഖ്യമന്ത്രിയായി. ഇനിയുള്ള അഞ്ചു വർഷത്തേക്ക് നല്ല തല ഉയർത്തിതന്നെയാണ് നിതീഷിന്‍റെ നിൽപ്പ്.
ഈ സീറ്റെണ്ണം ബിജെപിക്കു കൂടിയുള്ള സന്ദേശമാണ്. ബിഹാറിലെ മാത്രമല്ല, കേന്ദ്രത്തിലെ കാര്യവും ഇനി നിതീഷ് കുമാർ തീരുമാനിക്കും. ചോദിക്കുന്നതെല്ലാം കൊടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാവേണ്ടിയും വരും. അതുകൊണ്ട് ഇത് ഒരു നിതീഷ് വിജയം ആട്ടക്കഥയാണ്. ബിഹാറിൽ ഇതു ബിജെപിയും തലയുയർത്തി നിൽക്കുന്ന കാലമാണ്. കഴിഞ്ഞ സഭയിൽ ആർജെഡിക്കു തൊട്ടുപിന്നിൽ രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു ബിജെപി. ഇത്തവണ നിതീഷിനും മുകളിലാണ് ആ നിൽപ്പ്.
മഹാസഖ്യത്തിനൊപ്പം നിന്ന ഇടതുകക്ഷികൾക്കും തോൽവിയാണ് ബിഹാർ സമ്മാനിച്ചത്. കഴിഞ്ഞ തവണ 12 സീറ്റുണ്ടായിരുന്ന സിപിഐഎംഎല്ലിന് രണ്ട് സീറ്റാണ് ലഭിച്ചത്. രണ്ട് സീറ്റുണ്ടായിരുന്ന സിപിഐഎമ്മിന് ഒറ്റ സീറ്റാണ് വിജയിക്കാനായത്. ഒരുകാലത്ത് ബിഹാറിലെ ഒന്നാം നമ്പർ കമ്യൂണിസ്റ്റ് കക്ഷിയായിരുന്ന സിപിഐ സമ്പൂർണതോൽവി ഏറ്റുവാങ്ങി. ഇടത് കോട്ടകൾ പിടിച്ചെടുത്തത് ബിജെപിയും ജെഡിയുവും ശക്തി കാണിച്ചു.
101 സീറ്റുവീതം തുല്യമായാണ് ഇരുപാർട്ടികളും മൽസരിച്ചത്. പക്ഷേ കൂടുതൽ സീറ്റിൽ ജയിക്കുന്ന പാർട്ടി മാത്രമല്ല, കൂടുതൽ വോട്ടു വിഹിതം നേടിയ പാർട്ടിയും ബിജെപിയാണ്. ഇതൊടൊപ്പം മറ്റൊരു വിജയികൂടി എൻഡിഎയിൽ ഉണ്ട്. അത് ചിരാഗ് പാസ്വാനാണ്. എത്ര മനോഹരമായാണ് ചിരാഗ് സ്വന്തം കരുത്ത് തെളിയിച്ച് ഇനി തലയുയർത്തി നിൽക്കാൻ പോകുന്നത്. മൽസരിച്ചത് 29 സീറ്റിൽ മാത്രമാണ്. അതിൽ ബഹുഭൂരിപക്ഷവും വിജയിച്ചാണ് ചിരാഗും കൂട്ടരും കരുത്തറിയിച്ചത്.
ലാലു പ്രസാദ് യാദവും തേജസ്വി യാദവും നിരാശയിലാകും. കഴിഞ്ഞതവണ ഭരിക്കാൻ കഴിഞ്ഞില്ലെങ്കിലും സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നു. ഇത്തവണ അതിൽ നിന്ന് കുറഞ്ഞത് അമ്പതോളം സീറ്റ്. ശക്തികേന്ദ്രങ്ങളിൽ പോലും തേജസ്വിക്ക് കാലിടറി. കോൺഗ്രസിന് ഈ കൊടുംതോൽവിയിൽ സന്തോഷിക്കാനൊന്നും ബാക്കിയില്ല. എന്തൊരു വലിയ പ്രചാരണമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയത്. ആദ്യം സംസ്ഥാനം മുഴുവനുമുള്ള യാത്ര. പിന്നീട് അനേകം റാലികൾ. ഇത്രയൊക്കെ നടത്തിയിട്ടും അടിസ്ഥാന വോട്ടുകൾ പോലും ലഭിക്കാതെ പോയി. സഖ്യകക്ഷിയായ ആർജെഡിയുടെ പത്തിലൊന്ന് പിന്തുണപോലും കോൺഗ്രസിന് ഇല്ലാതെ പോയി.
ബിഹാറിലെ ഇടതുപാർട്ടികൾക്ക് ഇവിടെ മുന്നേറ്റമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയയത്ര വോട്ട് വിഹിതവും ഇല്ല. ഇത്രവലിയ താമരത്തള്ളലിൽ സിപിഐഎംഎല്ലിനും കാലിടറി. ഈ വിധി പണ്ടെ എഴുതിക്കഴിഞ്ഞതാണ്. ഒന്നേകാൽ കോടി സ്ത്രീകളുടെ അക്കൌണ്ടുകളിലേക്ക് പതിനായിരം രൂപ വീതം നൽകിയ ആ നിമിഷം ഇല്ലാതായതാണ് ബിഹാറിലെ ഭരണവിരുദ്ധ വികാരം. പിടിച്ചിടമെല്ലാം അടക്കി ഭരിക്കുകയാണ് ബിജെപി. അതാണ് ബിഹാർ, ഇനി തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബംഗാളിനേയും കേരളത്തേയും തമിഴ്നാടിനേയും ഓർമിപ്പിക്കുന്നത്. ഇതൊരു മോദി-നിതീഷ് മാജിക്കാണ്. അതിനി എവിടെയും സംഭവിക്കാം.