Source: X
NATIONAL

"പൈലറ്റിനെ മാറ്റിയത് അവസാനനിമിഷം, അയാൾ സ്ഥിരം മദ്യപാനി"; അജിത് പവാറിൻ്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി അനന്തരവൻ

കാഴ്ചാപരിധി കുറവായിരുന്നപ്പോൾ വിമാനം ഇറക്കാൻ ശ്രമിച്ചതിലും സംശയമുണ്ടെന്ന് രോഹിത് പവാർ...

Author : ന്യൂസ് ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ജീവൻ നഷ്ടമായ ബാരാമതി വിമാനദുരന്തത്തിൽ ഗുരുതര ആരോപണങ്ങളുമായി അനന്തരവനും എംഎൽഎയുമായ രോഹിത് പവാർ. നേരത്തേ നിശ്ചയിച്ച പൈലറ്റിനെ അവസാന നിമിഷം മാറ്റിയത് ദുരൂഹമെന്നും പകരം വിമാനം പറത്തിയ പൈലറ്റ് സ്ഥിരം മദ്യപാനിയാണെന്നും രോഹിത് പവാർ ആരോപിച്ചു. കാഴ്ചാപരിധി കുറവായിരുന്നപ്പോൾ വിമാനം ഇറക്കാൻ ശ്രമിച്ചതിലും സംശയമുണ്ടെന്ന് അജിത് പവാറിൻ്റെ മരുമകൻ ആരോപിച്ചു. മുംബൈയിൽ നിന്ന് പൂനെയിലേക്ക് കാറിൽ യാത്ര ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ അടിയന്തരമായി ഒരു മീറ്റിങ്ങിൽ പങ്കെടുക്കേണ്ടി വന്നതോടെയാണ് യാത്ര വിമാനമാർഗം ആക്കിയതെന്നും രോഹിത് പവാർ പറഞ്ഞു.

ലിയർജെറ്റ് 45 വിമാനത്തിൻ്റെ ഓപ്പറേറ്ററായ വിസ്റ്റ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡിനെയും (വിഎസ്ആർ) രണ്ട് പൈലറ്റുമാരെയും കുറിച്ച് രോഹിത് ആരോപണം ഉന്നയിച്ചു. 2010ലും 2017ലും വിമാനയാത്രയ്ക്ക് മുമ്പുള്ള മദ്യ പരിശോധനകൾ ഉദ്ധരിച്ച്, പൈലറ്റിനെ മുമ്പ് മദ്യപാനത്തിന് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നുവെന്ന് രോഹിത് പറഞ്ഞു. സഹപൈലറ്റ് അപകടസമയം മെയ് ഡേ അലേർട്ട് നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ജനുവരി 28ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ കുറഞ്ഞ കാഴ്ചാപരിധിയാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡിജിസിഎയുടെ പ്രാഥമിക നിഗമനം. ബാരാമതി വിമാനത്താവളത്തില്‍ ടേബിള്‍ടോപ്പ് റണ്‍വേയുടെ അരികില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്. പവാറും കൂടെയുണ്ടായിരുന്ന നാല് പേരും മരിച്ചിരുന്നു.

SCROLL FOR NEXT