പ്രതീകാത്മ ചിത്രം Source: Social Media
NATIONAL

രാജ്യത്ത് പുതിയ ലേബർ കോഡ് പ്രാബല്യത്തിൽ; തൊഴില്‍ സുരക്ഷയില്‍ ആശങ്ക; പ്രതിഷേധവുമായി ട്രേഡ് യൂണിയനുകൾ

പുതിയ ചട്ടങ്ങളിലെ മിക്ക വ്യവസ്ഥകളും ഉടമകൾക്ക് അനുകൂലവും തൊഴിലാളി വിരുദ്ധവുമെന്നാണ് ട്രേഡ് യൂണിയനുകളുടെ വിമർശനം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യത്തെ പ്രധാന ട്രേഡ് യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് പുതുക്കിയ തൊഴിൽ ചട്ടങ്ങൾ നടപ്പാക്കി കേന്ദ്രസർക്കാർ. ചട്ടങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിലായെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ പുതിയ ചട്ടങ്ങളിലെ മിക്ക വ്യവസ്ഥകളും ഉടമകൾക്ക് അനുകൂലവും തൊഴിലാളി വിരുദ്ധവുമെന്നാണ് ട്രേഡ് യൂണിയനുകളുടെ വിമർശനം. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് എതിർപ്പ് പ്രകടിപ്പിച്ചത്.

ബിഹാർ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് രാജ്യത്ത് പുതുക്കിയ തൊഴിൽനിയമം നടപ്പിൽ വന്നതായി കേന്ദ്രം പ്രഖ്യാപിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന വാചകമാണ് കേന്ദ്രസർക്കാർ പറഞ്ഞത്. പുതുക്കിയ ചട്ടം വെള്ളിയാഴ്ച നിലവിൽ വന്നു. തൊഴിലാളികളെ ശാക്തീകരിക്കുന്നതാണ് ചട്ടമെന്ന് കേന്ദ്രം വ്യക്തമാക്കി.

42 കോടിയോളം വരുന്ന രാജ്യത്തെ അസംഘടിത തൊഴിലാളികളെ ലക്ഷ്യംവെക്കുന്നതാണ് ചട്ടങ്ങൾ. സമഗ്രവും തൊഴിലധിഷ്ഠിതവുമായ പരിഷ്കാരം എന്നാണ് പുതിയ ലേബർ കോഡിന് പ്രധാനമന്ത്രി നൽകിയ വിശേഷണം. മിനിമം വേതനം നിശ്ചയിക്കൽ അടക്കം വ്യവസ്ഥയിലുണ്ട്. എതിർപ്പുണ്ടായാലും നിയമം ഇനി ഭേദഗതി ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

സിഐടിയു, ഐഎൻടിയുസി ഉൾപ്പെടെ ട്രേഡ് യൂണിയനുകൾ പുതിയ കോഡിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പണിമുടക്കാനുള്ള അവകാശം നിഷേധിക്കുന്നതാണ് പുതിയ ചട്ടമെന്ന് പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ വിമർശിച്ചു. മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാൻ ഉടമകൾക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ ചട്ടമെന്ന് നേതാക്കൾ പറഞ്ഞു.

2015 ന് ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് ചേരുകയോ തൊഴിലാളി സംഘടനകളോട് വിയോജിപ്പുകളിൽ ചർച്ച നടത്തുകയോ ചെയ്യാതെയാണ് നിയമം നടപ്പാക്കിയതെന്നും വിമർശനമുണ്ട്. വ്യവസായബന്ധ കോഡിലെ 12 വ്യവസ്ഥകളോട് ബിഎംഎസും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ചാണ് നാല് കോഡുകളായി മാറ്റിയത്.

SCROLL FOR NEXT