Source: Meta AI generated
NATIONAL

കൊടും തണുപ്പിൽ പുതപ്പു പോലും ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട് നവജാത ശിശു; രാത്രി മുഴുവൻ ഉറങ്ങാതെ കാവൽ നിന്ന് തെരുവുനായ്ക്കൾ

ഒന്നു കുരയ്ക്കുകയോ അനങ്ങുകയോ പോലും ചെയ്യാതെ രാത്രി മുഴുവൻ ആ കുഞ്ഞിന് സുരക്ഷാ വലയം തീർത്തു

Author : ന്യൂസ് ഡെസ്ക്

തെരുവുനായ ആക്രമണ കേസുകൾ കൂടുമ്പോഴും ആശ്വാസമാവുകയാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള ഈ വാർത്ത. പശ്ചിമ ബംഗാളിലെ നദിയോര പ്രദേശങ്ങളിലൊന്നായ നാദിയ ജില്ലയിലാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് ഒരു കൂട്ടം തെരുവുനായ്ക്കൾ തുണയായത്. തണുത്തുറഞ്ഞ രാത്രിയിലെപ്പോഴോ ആണ് റെയിൽവേ തൊഴിലാളികളുടെ കോളനിയിലെ ഒരു കുളിമുറിക്ക് പുറത്ത് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ടത്. ജനിച്ചിട്ട് മണിക്കൂറുകൾ പോലും ആയിരുന്നില്ല, ശരീരത്തിലെ രക്തപ്പാടുകൾ പോലും മാഞ്ഞിരുന്നില്ല. തണുപ്പിനെ പ്രതിരോധിക്കാൻ ആ കുഞ്ഞു ശരീരത്തിൽ ഒരു പുതപ്പോ, കുറിപ്പോ പോലും ഇല്ലായിരുന്നു.

പക്ഷേ, രാവിലെ അവിടുത്തെ പ്രദേശവാസികൾ കണ്ടത് ആ കുഞ്ഞിന് ചുറ്റും സുരക്ഷാവലയം തീർത്ത ഒരുകൂട്ടം തെരുവുനായ്ക്കളെയാണ്. അവർ എല്ലാ ദിവസവും പരാതി പറയാറുള്ള എറിഞ്ഞോടിക്കാറുള്ള അതേ നായ്ക്കൂട്ടമാണ് ആ കുഞ്ഞിനെ കാവൽ നിന്നിരുന്നത്. ഒന്നു കുരയ്ക്കുകയോ അനങ്ങുകയോ പോലും ചെയ്യാതെ രാത്രി മുഴുവൻ ആ കുഞ്ഞിന് സുരക്ഷാ വലയം തീർത്തു. നേരം വെളുക്കുന്നതു വരെ കുഞ്ഞ് സുരക്ഷിതമാണെന്നുറപ്പു വരും വരെ അവർ ആ നില തുടർന്നു.

ഒട്ടും ആക്രമണ സ്വഭാവമില്ലാതെ അതീവ ശ്രദ്ധയോടെ നായ്ക്കൾ കുഞ്ഞിന് ചുറ്റും സുരക്ഷ തീർത്ത കാഴ്ചയാണ് രാവിലെ കണ്ടെതെന്നാണ് കുഞ്ഞിനെ ആദ്യം കണ്ട ശുക്ല മൊണ്ടാൽ എന്ന സ്ത്രീ വെളിപ്പെടുത്തിയത്. കുഞ്ഞിനെ കണ്ട് ശുക്ല അടുത്തേക്ക് വന്നപ്പോൾ മാത്രമാണ് നായ്ക്കൾ അവരുടെ സുരക്ഷാ വലയം ഭേദിച്ചത്. കുഞ്ഞിനെ ഷോളിൽ പൊതിഞ്ഞെടുത്ത ശുക്ല പിന്നീട് അയൽക്കാരെ സഹായത്തിനായി വിളിച്ചു. അവർ പിന്നീട് കുഞ്ഞിനെ ആദ്യം മഹേഷ്ഗഞ്ച് ആശുപത്രിയിലും പിന്നീട് കൃഷ്ണനഗർ സദർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുഞ്ഞിൻ്റെ ദീർഘകാല പരിചരണത്തിനായി നബദ്വീപ് പൊലീസും ചൈൽഡ് ഹെൽപ്പ് അധികൃതരും അന്വേഷണം ആരംഭിക്കുകയും നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രാത്രിയുടെ മറവിൽ പ്രദേശവാസിയായ ആരെങ്കിലും കുട്ടിയെ അവിടെ ഉപേക്ഷിച്ചിരിക്കാമെന്നാണ് പൊലീസിൻ്റെ നിഗമനം.

ഉദ്യോഗസ്ഥർ സംരക്ഷണം ഏറ്റെടുത്തെങ്കിലും നഗരം മുഴുവൻ ചർച്ചയാവുന്നത് നിശബ്ദരും, രാത്രി മുഴുവൻ കുഞ്ഞിന് രക്ഷകരുമായ ആ നായ്ക്കളെക്കുറിച്ചാണ്. ഞങ്ങൾ പരാതി പറയുന്ന അതേ നായ്ക്കളാണിത്. പക്ഷേ, ആ കുട്ടിയെ ഉപേക്ഷിച്ച ആരെക്കാളും മനുഷ്യത്വം അവർ കാണിച്ചുവെന്നാണ് ഒരു റെയിൽവേ ജീവനക്കാരൻ പ്രതികരിച്ചത്.

പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു സന്യാസിയായിരുന്ന ശ്രീ ചൈതന്യ മഹാപ്രഭുവിൻ്റെ ആത്മാവ് ആ മൃഗങ്ങളിലൂടെ പ്രവർത്തിച്ചിരിക്കാം എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. മുമ്പ് കാണുമ്പോൾ എറിഞ്ഞോടിച്ചിരുന്ന ആ നായ്ക്കൾക്ക് റെയിൽവേ കോളനിയിലെ കുട്ടികൾ ബിസ്കറ്റ് നൽകുന്ന കാഴ്ചയാണ് അന്ന് വൈകിട്ട് കാണാൻ കഴിഞ്ഞത്. ഒരു കുഞ്ഞു ജീവൻ രക്ഷിച്ച ഹീറോസിനെ സ്നേഹിക്കുന്ന തിരക്കിലാണ് ഇപ്പോൾ ആ പ്രദേശം മുഴുവൻ.

SCROLL FOR NEXT