

ഉത്തർപ്രദേശിലെ കാൺപൂരിൽ, മാതാപിതാക്കളോട് ബൈക്കോ രണ്ട് ലക്ഷം രൂപയോ സ്ത്രീധനം ചോദിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നവവധുവിനെ ഭർത്താവിൻ്റെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. വധു ഭർത്താവിൻ്റെ വീട്ടിൽ എത്തിയ ഉടൻ തന്നെ വരൻ്റെ കുടുംബം സ്ത്രീധനമായി ബൈക്കോ രണ്ടു ലക്ഷം രൂപയോ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു.
കാൺപൂരിലെ ജൂഹി സ്വദേശിയായ ലുബ്‌നയ്ക്കാണ് കല്യാണ ദിവസം തന്നെ ദുരനുഭവം ഉണ്ടായത്. മുഹമ്മദ് ഇമ്രാനും ലുബ്നയും നവംബർ 29 നാണ് വിവാഹിതരായത്. പുതിയൊരു ജീവിതം സ്വപ്നം കണ്ട് ഇമ്രാൻ്റെ വീട്ടിലേക്കെത്തിയ ലുബ്നയോട് എത്തിയ ഉടൻ ഭർതൃവീട്ടുകാർ ഇമ്രാന് ലുബ്നയുടെ വീട്ടുകാർ ബൈക്ക് നൽകിയില്ലെന്ന് പറയുകയും അതുകൊണ്ട് അവളുടെ വീട്ടുകാരോട് രണ്ടു ലക്ഷം രൂപ വേണമെന്നാവശ്യപ്പെടുകയുമായിരുന്നു. ഇതിന് തയ്യാറാവാതെ വന്നതോടെ പെൺകുട്ടിയെ അവർ മർദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടുകാർ നൽകിയ പണവും ഭർതൃവീട്ടുകാർ കൈക്കലാക്കിയതായും ലുബ്ന പറഞ്ഞു.
അതേസമയം, മകളുടെ വിവാഹത്തിന് ലക്ഷങ്ങൾ ചെലവഴിച്ചതായി കുടുംബം പറയുന്നു. വിവാഹത്തിന് ഇമ്രാൻ്റെ കുടുംബത്തിന് ഒരു സോഫ സെറ്റ്, ഒരു ടെലിവിഷൻ, ഒരു വാഷിംഗ് മെഷീൻ, ഒരു ഡ്രസ്സിംഗ് ടേബിൾ, ഒരു വാട്ടർ കൂളർ, ഡിന്നർ സെറ്റുകൾ, വസ്ത്രങ്ങൾ, സ്റ്റീലിലും പിച്ചളയിലും നിർമിച്ച അടുക്കള ഉപകരണങ്ങൾ എന്നിവ സമ്മാനമായി നൽകിയതായും ലുബ്നയുടെ വീട്ടുകാർ വ്യക്തമാക്കി. വിവാഹത്തിന് മുമ്പ് അവർ ബൈക്ക് ആവശ്യപ്പെട്ടിരുന്നെങ്കിൽ കല്യാണവുമായി മുന്നോട്ട് പോകില്ലായിരുന്നുവെന്നും ലുബ്നയുടെ വീട്ടുകാർ പറഞ്ഞു. ഇമ്രാനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.