പ്രതീകാത്മക ചിത്രം  
NATIONAL

ടോൾപ്ലാസയിൽ വൃത്തിഹീനമായ ടോയ്‌ലറ്റ് കണ്ടിട്ടുണ്ടോ? ഫോട്ടോയെടുത്ത് അയക്കൂ, പണം നേടൂ

ദേശീയപാതകളിലെ ടോയ്‌ലറ്റ് സൗകര്യങ്ങളുടെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനായാണ് ഈ സംരംഭം ആരംഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ടോയ്‌ലറ്റുകളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ‌എച്ച്‌എ‌ഐ. ക്ലീൻ ടോയ്‌ലറ്റ് പിക്ചർ ചലഞ്ചിൻ്റെ ഭാഗമായി 1000 രൂപയാണ് പാരിതോഷികമായി ലഭിക്കുക. ദേശീയപാതകളിലെ ടോയ്‌ലറ്റ് സൗകര്യങ്ങളുടെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി സർക്കാരിൻ്റെ സ്പെഷ്യൽ ക്യാംപെയ്ൻ 5.0 കീഴിലാണ് ഈ സംരംഭം ആരംഭിച്ചതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ പദ്ധതി പ്രകാരം, രാജ്മാർഗ് യാത്രാ ആപ്പിലൂടെ ജിയോ-ടാഗ് ചെയ്ത ഫോട്ടോഗ്രാഫുകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് യാത്രക്കാർക്ക് വൃത്തിഹീനമായ ടോയ്‌ലറ്റുകൾ റിപ്പോർട്ട് ചെയ്യാം. ഉപയോക്താക്കൾ അവരുടെ പേര്, സ്ഥലം, വാഹന രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങളും നൽകണമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ശരിയായ റിപ്പോർട്ടുകൾ സമർപ്പിക്കുന്നവർക്ക് അവരുടെ വാഹന രജിസ്ട്രേഷൻ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫാസ്ടാഗ് റീചാർജ് ആയി 1,000 രൂപ ലഭിക്കും. പ്രതിഫലം കൈമാറ്റം ചെയ്യാനോ പണമായി ക്ലെയിം ചെയ്യാനോ കഴിയില്ല. ഈ സംരംഭം 2027 ജൂൺ 30 വരെ പ്രവർത്തനസജ്ജമമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

എൻഎച്ച്എഐയുടെ അധികാരപരിധിയിൽ നിർമിക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യുന്ന ടോയ്‌ലറ്റുകൾക്ക് മാത്രമേ ഈ പദ്ധതി ബാധകമാകൂ. പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റുകൾ, റോഡരികിലുള്ളവ, എൻഎച്ച്എഐയുടെ നിയന്ത്രണത്തിന് പുറത്തുള്ള മറ്റ് സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

കാംപെയ്‌നിനിടെ ഓരോ വാഹന രജിസ്ട്രേഷൻ നമ്പറിനും ഒരു റിവാർഡ് മാത്രമേ ലഭിക്കുകയുള്ളൂ. ഒരു പ്രത്യേക ദിവസം ഒരേ ടോയ്‌ലറ്റിനെക്കുറിച്ച് ഒന്നിലധികം പരാതികൾ ലഭിച്ചാൽ, ആപ്പ് വഴി സമർപ്പിക്കുന്ന ആദ്യത്തെ സാധുവായ ഫോട്ടോ മാത്രമേ പരിഗണിക്കുകയുള്ളൂ. ഫോട്ടോഗ്രാഫുകൾ വ്യക്തവും, ജിയോ-ടാഗ് ചെയ്തതും, സമയം രേഖപ്പെടുത്തിയതും ആയിരിക്കണം. എഡിറ്റ് ചെയ്തതോ അല്ലെങ്കിൽ മുമ്പ് സമർപ്പിച്ചതോ ആയ ചിത്രങ്ങൾ ഒഴിവാക്കപ്പെടുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

SCROLL FOR NEXT