കോട്ട: രാജസ്ഥാനിലെ കോട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം. ഖാതു ശ്യാം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് വാഹനത്തിലുണ്ടായിരുന്നത്. ഉദയ്പൂർ ദേശീയപാതയിൽ ശംഭൂപുരയ്ക്ക് സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
ഖാതു ശ്യാം ക്ഷേത്ര ദർശനം കഴിഞ്ഞ് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ക്രൂസർ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ ഉൾപ്പെടെ 9 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു
പരിക്കേറ്റവരെ കോട്ടയിലെ ന്യൂ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ 16 പേരുണ്ടായിരുന്നു.