Source: X
NATIONAL

"മിസൈൽ എവിടെ നിന്നാണ് വന്നതെന്ന് ആർക്കും അറിയില്ല"; കൊല്ലപ്പെടുന്നതിന് മുൻപ് ഹമാസ് നേതാവ് ഹനിയയെ കണ്ടതായി വെളിപ്പെടുത്തി നിതിൻ ഗഡ്കരി

ഹോട്ടലിൽ അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. എന്നാൽ 4 മണിക്ക്, അംബാസഡർ വന്ന് വാതിലിൽ മുട്ടി ഹോട്ടലിൽ നിന്ന് ഒഴിയേണ്ടതുണ്ട് എന്ന് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇറാനിലെ ടെഹ്റാനിൽ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയയെ കണ്ടുമുട്ടിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് ഇറാനിലെത്തിയത്. ആ സമയത്താണ് ഹനിയ്യയെ കണ്ടെതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു .

ചായസത്ക്കാരത്തിനിടെ ലോക നേതാക്കൾക്കൊപ്പം ഹമാസ് മേധാവിയെയും കണ്ടുമുട്ടിയിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഹനിയ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടലുണ്ടാക്കിയെന്നും ഗഡ്കരി പറഞ്ഞു. "വിശിഷ്ട വ്യക്തികളിൽ രാഷ്ട്രത്തലവനല്ലാത്ത ഒരാളെ ശ്രദ്ധിച്ചത് അദ്ദേഹം ഓർത്തു. "അദ്ദേഹം ആരാണെന്ന് ഞാൻ ചിന്തിച്ചു. അദ്ദേഹം ഹമാസിന്റെ തലവനായിരുന്നു," ഗഡ്ഗരി പറഞ്ഞു.

പിന്നീട് ഹനിയെ ഇറാൻ പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനുമൊപ്പം ചടങ്ങിലേക്ക് നടന്നു, മറ്റ് പ്രതിനിധികൾ പിന്നാലെ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോട്ടലിൽ അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. എന്നാൽ 4 മണിക്ക്, അംബാസഡർ വന്ന് വാതിലിൽ മുട്ടി ഹോട്ടലിൽ നിന്ന് ഒഴിയേണ്ടതുണ്ട് എന്ന് പറഞ്ഞു. ഇന്നലെ ഇവിടെ ഉണ്ടായിരുന്ന ഹമാസ് നേതാവ് മുറിയിൽ കൊല്ലപ്പെട്ടതായി അംബാസഡർ പറഞ്ഞുവെന്നും ഗഡ്ഗരി വെളിപ്പെടുത്തി.

"മിസൈൽ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്നോ, എവിടേക്കാണ് എത്തിയതെന്നോ ആർക്കും അറിയില്ല. കൊലപാതകത്തിന്റെ കൃത്യമായ രീതി ഇപ്പോഴും വ്യക്തമല്ല" ഗഡ്ഗരി ഓർമിച്ചു. ദേശീയ സുരക്ഷ, ആധുനിക കാലത്തെ യുദ്ധം, അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടെ നിർണായകമാകുന്ന നൂതന സംവിധാനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഭാവിയിലെ ഹൈടെക് സാങ്കേതിക വിദ്യ എത്രത്തോളം പ്രധാനമാണെന്നും ഗഡ്ഗരി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT