നിതിൻ നബിൻ  Source: X/ @NitinNabin
NATIONAL

"ബിജെപിയിൽ തലമുറമാറ്റം"; നിതിൻ നബിൻ ദേശീയ വർക്കിങ് പ്രസിഡൻ്റായി ചുമതലയേറ്റു

ബിജെപി പാർലമെൻ്ററി ബോർഡാണ് നിതിനെ ദേശീയ വർക്കിങ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിയമിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ബിഹാർ മന്ത്രി നിതിൻ നബിൻ ബിജെപി ദേശീയ വർക്കിങ് പ്രസിഡൻ്റായി ചുമതലയേറ്റു. 45 വയസുള്ള ആദ്യ ദേശീയ വർക്കിങ് പ്രസിഡൻ്റാണ് നിതിൻ നബിൻ. ഇദ്ദേഹം മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ പരേതനായ നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ്.

അഞ്ച് തവണ എംഎൽഎ ആയ നിതിൻ നബിൻ ബീഹാറിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ടുതവണ ബീഹാർ സർക്കാരിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബീഹാറിൽ മന്ത്രിയായിരുന്ന കാലത്ത് ഛത്തീസ്ഗഢിലെ പാർട്ടി ഇൻചാർജ് എന്ന നിലയിൽ നിതിൻ നബിൻ്റെ പ്രവർത്തനം മികച്ചതായിരുന്നു എന്ന് സംഘടനാ നേതൃത്വം പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബിജെപി പാർലമെൻ്ററി ബോർഡാണ് നിതിനെ ദേശീയ വർക്കിങ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിയമിച്ചത്.

കയാസ്ത സമുദായത്തിൽപ്പെട്ട നബിൻ നിലവിലെ ബിജെപി മേധാവി നദ്ദയുടെ പിൻഗാമിയാകാൻ സാധ്യതയുണ്ടെന്നും ആ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളിൽ ഒരാളാണെന്നും നേതാക്കൾ പറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.

"അദ്ദേഹം ചെറുപ്പക്കാരനും, കഠിനാധ്വാനിയും ആയ നേതാവാണ്, സംഘടനാ രംഗത്ത് സമ്പന്നമായ പരിചയമുണ്ട്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി അദ്ദേഹം ഉത്സാഹത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. വരും കാലങ്ങളിൽ അദ്ദേഹത്തിന്റെ ഊർജ്ജവും സമർപ്പണവും നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്",പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു. നിതിൻ നബിൻ്റെ നേതൃത്വത്തിൽ പാർട്ടി പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ പ്രതികരിച്ചു.

SCROLL FOR NEXT