പട്‌ന: നിയമസഭാ കൗൺസിൽ അംഗത്വം രാജിവച്ച് നിതീഷ് കുമാർ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എംഎൽസി സ്ഥാനം രാജിവെച്ചത്. മാർച്ച് 16 നായിരുന്നു നിതീഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിങ്ങളോടുള്ള ബന്ധം ഭാവിയിലും തുടരും. വികസിത ബിഹാർ കെട്ടിപ്പടുക്കാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം ശക്തമായിരിക്കുമെന്ന് ഉറപ്പുനൽകുന്നു എന്ന് നിതീഷ് കുമാർ പറഞ്ഞിരുന്നു.
പത്താം തവണയും ബിഹാറിൻ്റെ മുഖ്യമന്ത്രി കസേരയിലെത്തി, വെറും നാല് മാസത്തിന് ശേഷമാണ് നിതീഷ് കുമാർ പടിയിറങ്ങുന്നത്. ഭരണഘടന അനുസരിച്ച് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ 14 ദിവസത്തിനുള്ളിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ രാജിവയ്ക്കേണ്ടതുണ്ട്. ഇതുപ്രകാരമാണ് നീതീഷ് കുമാർ രാജിവച്ചത്.
75 കാരനായ നിതീഷ് കുമാർ ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ്. 10 തവണ സത്യപ്രതിജ്ഞ ചെയ്ത് റെക്കോർഡ് നേടിയിട്ടുള്ള ആൾ . 2005 മുതൽ മുഖ്യമന്ത്രി കസേരയിലുള്ള അദ്ദേഹം അടുത്ത സഹായിയായിരുന്ന ജിതൻ റാം മാഞ്ചി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി നിന്നിട്ടുള്ളത്.
നിതീഷ് കുമാർ രാജ്യസഭയിലേക്ക് സ്ഥാനമേൽക്കുമ്പോൾ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. നിതീഷ് കുമാറിന് പകരം മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.