Delhi Air Pollution Source: File PIc
NATIONAL

വായുനിലവാരവും ശ്വാസകോശ രോഗങ്ങളുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക വിവരങ്ങളില്ല: കേന്ദ്ര സര്‍ക്കാര്‍

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: വായുനിലവാര സൂചികയിലെ (AQI) ഉയര്‍ന്ന അളവും ശ്വാസകോശ രോഗങ്ങളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. രാജ്യസഭയില്‍ രേഖാമൂലമാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വായുമലിനീകരണം ശ്വാസകോശ രോഗങ്ങള്‍ക്കും അനുബന്ധ അസുഖങ്ങള്‍ക്കും കാരണമാകുന്ന ഘടകങ്ങളാണെന്നും കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.

ഡല്‍ഹിയിലെ മലിനവായു ദീര്‍ഘനേരം ശ്വസിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന പഠനങ്ങളെ കുറിച്ച് സര്‍ക്കാരിന് അറിയാമോ എന്ന ബിജെപി എംപി ലക്ഷ്മികാന്ത് ബാജ്‌പേയിയുടെ ചോദ്യത്തിനാണ് കീര്‍ത്തി വര്‍ധന്‍ സിങ്ങിന്റെ മറുപടി.

വായുനിലവാര സൂചിക മെച്ചപ്പെട്ട നഗരങ്ങളിലെ ജനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡല്‍ഹിയിലെ പൗരന്മാരില്‍ ശ്വാസകോശ ഇലാസ്തികത ഏകദേശം 50 ശതമാനമായി കുറഞ്ഞിട്ടുണ്ടോ എന്നും ബാജ്പേയി ചോദിച്ചു.

പള്‍മണറി ഫൈബ്രോസിസ്, സിഒപിഡി, എംഫിസീമ, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുക, ശ്വാസകോശത്തിന്റെ ഇലാസ്തികത നശിക്കുക എന്നിവയില്‍ നിന്ന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ജീവിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ എന്തെങ്കിലും പരിഹാരമുണ്ടോ എന്നും എംപി ചോദിച്ചു.

പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്‌സുമാര്‍, നോഡല്‍ ഓഫീസര്‍മാര്‍, സെന്റിനല്‍ സൈറ്റുകള്‍, ആശാ വര്‍ക്കര്‍മാര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയിലുള്ള ദുര്‍ബല വിഭാഗങ്ങള്‍, കൂടാതെ ട്രാഫിക് പോലീസ്, മുന്‍സിപ്പല്‍ തൊഴിലാളികള്‍ പോലുള്ള വായുമലിനീകരണത്തിന് കൂടുതല്‍ സാധ്യതയുള്ളവര്‍ക്കായി പ്രത്യേക പരിശീലന മൊഡ്യൂളുകള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് കീര്‍ത്തി വര്‍ധന്‍ സിങ് മറുപടി നല്‍കി.

SCROLL FOR NEXT