വാതിലുകളും പൂട്ടുമില്ലാതെ 300 വർഷമായി ജീവിച്ചുപോരുന്ന ഒരു ഗ്രാമം. ബാങ്കുകൾക്കു പോലും താഴും താക്കോലുമുള്ള വാതിലില്ല. എന്തിന്, ഒരു പൊലീസ് സ്റ്റേഷൻ്റെ ആവശ്യം പോലുമില്ലാത്ത ഇന്ത്യയിൽ തന്നെയുള്ള ഒരു കൊച്ചു ഗ്രാമം. കേൾക്കുമ്പോൾ കൗതുകവും വിശ്വസിക്കാൻ അൽപം പ്രയാസവും തോന്നുമെങ്കിലും സംഭവം സത്യമാണ്. പരസ്പര വിശ്വാസത്തിലൂന്നി ജീവിക്കുന്ന മഹാരാഷ്ട്രയിലെ ആ അത്ഭുത ഗ്രാമത്തിൻ്റെ വിശേഷങ്ങൾ...
ആചാരങ്ങളും ഐതിഹ്യങ്ങളും ഒരു ഗ്രാമത്തെ മുഴുവൻ, നൂറ്റാണ്ടുകളായി കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കിൽ ചില വിശ്വാസങ്ങൾ നല്ലതാണെന്ന് തന്നെ പറയേണ്ടി വരും. ജീവനും സ്വത്തിനുമായുള്ള സുരക്ഷയെ ഭയന്ന് മുറിക്കുള്ളിൽ പോലും സിസിടിവികളും അത്യാധുനിക ലോക്കിങ് സംവിധാനങ്ങളും ഒരുക്കുന്ന ഈ കാലത്ത്, വിശ്വസിക്കാൻ ഒരൽപം പ്രയാസം തോന്നിപ്പിക്കുന്ന ഒട്ടനവധി പ്രത്യേകതകളുള്ള ഒരു ഗ്രാമമാണ് മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപൂർ.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലുള്ള ഒരു അത്ഭുത ഗ്രാമമാണ് ശനി ഷിംഗ്നാപൂർ. 300 വർഷം പഴക്കമുള്ള ഒരു ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ ആളുകളുടെ ജീവിതരീതി. ശനി ദേവനിൽ പൂർണ വിശ്വാസമർപ്പിച്ച ഇവിടുത്തെ ജനങ്ങൾ ഇപ്പോഴും അടച്ചുറപ്പില്ലാത്ത, വാതിലുകളോ പൂട്ടുകളോ ഇല്ലാത്ത വീടുകളിലാണ് ജീവിക്കുന്നത്. സ്വകാര്യതയ്ക്ക് വേണ്ടി തുണി കൊണ്ടുള്ള ഒരു മറ മാത്രമാണ് ഇവർക്കുള്ളത്. വീടുകൾക്ക് മാത്രമല്ല ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കും ലക്ഷങ്ങളുടെ പണമിടപാട് നടത്തുന്ന ബാങ്കുകൾക്ക് പോലും വാതിലുകളില്ല.
മുംബൈയിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ ഇന്ന് 15,000 ത്തോളം ആളുകൾ താമസിക്കുന്നുണ്ട്. ഗ്രാമത്തിലുള്ളവരെക്കാൾ വിനോദ സഞ്ചാരികളാണ് ഓരോ ദിവസവും ഇവിടുത്തെ പ്രസിദ്ധമായ ശനിക്ഷേത്ര ദർശനത്തിനും വാതിലില്ലാ ഗ്രാമങ്ങളും കാണാൻ എത്തുന്നത്. ഐതിഹ്യപ്രകാരം പ്രദേശത്തുണ്ടായ വലിയ പ്രളയത്തിൻ്റെ ശേഷിപ്പിൽ ഒരു ശില ഗ്രാമത്തലവന് ലഭിക്കുകയും കൗതുകം തോന്നിയ അദ്ദേഹം അതിൽ കമ്പ് കൊണ്ട് പോറിയപ്പോൾ ചോര പൊടിയുന്നത് കണ്ട് ഭയപ്പെട്ടു. അന്ന് രാത്രി ഗ്രാമത്തലവന്റെ സ്വപ്നത്തിൽ ശനി ഭഗവാൻ പ്രത്യക്ഷപ്പെടുകയും മുൻപ് കണ്ടത് തന്റെ സ്വയംഭൂ രൂപമാണെന്നും അരുളി. ഭഗവാന് വേണ്ടി ഒരു വലിയ ക്ഷേത്രം പണിയണമോ എന്ന ഗ്രാമത്തലവന്റെ ചോദ്യത്തെ ശനിദേവൻ നിരസിച്ചു. "ആകാശം മുഴുവൻ എന്റെ മേൽക്കൂരയാണ്, എനിക്ക് പ്രത്യേകം അടച്ചുറപ്പുള്ള ശ്രീകോവിലോ മേൽക്കൂരയോ ആവശ്യമില്ല. ഞാൻ ഈ തുറസ്സായ സ്ഥലത്ത് തന്നെ ഇരുന്നുകൊള്ളാം" എന്നായിരുന്നു കൽപ്പന. ഇതോടൊപ്പം ശനിദേവൻ ഗ്രാമവാസികൾക്ക് ഒരു ഉറപ്പുകൂടി നൽകി: "ഈ ഗ്രാമത്തെയും ഇവിടുത്തെ ജനങ്ങളെയും മോഷണങ്ങളിൽ നിന്നും മറ്റ് ആപത്തുകളിൽ നിന്നും ഞാൻ സംരക്ഷിച്ചുകൊള്ളാം. ഈ ഐതിഹ്യം വിശ്വസിച്ചാണ് പുതിയ തലമുറയും ഇതേ ആചാരം പിന്തുടരുന്നത്. ഇന്നും ആ കറുത്ത ശില തുറസ്സായ തറയിലാണ് ആരാധിച്ചു വരുന്നത്. അങ്ങനെയാണ് സാക്ഷാൽ ശനിദേവൻ തങ്ങൾക്ക് കാവൽ നിൽക്കുമ്പോൾ വീടുകൾക്ക് വാതിലുകളോ പൂട്ടുകളോ വെച്ച് ഭദ്രമാക്കേണ്ട കാര്യമില്ലെന്ന് അവർ തീരുമാനിച്ചത്..
2011 ജനുവരിയിൽ ഇവിടെ ഒരു സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ശാഖ തുറന്നപ്പോഴാണ്, ഈ ആചാരം ഗ്രാമീണ ജീവിതത്തിലേക്ക് എത്രത്തോളം ആഴത്തിൽ പ്രവേശിച്ചു എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണം ലഭിച്ചത്. പരമ്പരാഗതമായി പിന്തുടർന്ന ആ ആചാര രീതി മാറ്റാതെ ബാങ്കിനും പൊലീസ് സ്റ്റേഷനും പ്രവേശന കവാടത്തില്‍ വാതിലുകൾ ഒഴിവാക്കി. എന്നാൽ ഗ്രാമത്തിന് പുറത്ത് നിന്നും നിരവധി ആളുകൾ എത്തിയതോടെ പണം സൂക്ഷിക്കാൻ മാത്രം ബാങ്കിൽ പ്രത്യേക ലോക്കർ സംവിധാനം ഏര്‍പ്പെടുത്തി.
കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ശനി ഭഗവാൻ ശിക്ഷിക്കുമെന്ന വിശ്വാസത്തിൽ ജീവിക്കുന്ന ജനങ്ങൾക്കിടയിൽ പരസ്പര വിശ്വാസത്തിൻ്റെ ആഴവും വളരെ വലുതാണ്. വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും മറക്കുന്ന, തട്ടിപ്പും വെട്ടിപ്പും പിടിമുറുക്കിയ ഈ ലോകത്ത് വർഷമിത്ര കഴിഞ്ഞിട്ടും വേറിട്ട് നിൽക്കുകയാണ് ശനി ഷിംഗ്നാപൂർ എന്ന ഗ്രാമവും ഇവിടുത്തെ ആളുകളും.