Source: X
NATIONAL

'സൗദിയിൽ ഇന്ത്യക്കാരാരും കൊല്ലപ്പെട്ടിട്ടില്ല'; വാർത്ത നിഷേധിച്ച് ഇന്ത്യൻ എംബസി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പരിക്കേറ്റ ഇന്ത്യൻ പൗരനെ സന്ദർശിച്ചു

Author : ന്യൂസ് ഡെസ്ക്

സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ നടന്ന ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് റിയാദിലെ ഇന്ത്യൻ എംബസി. എന്നാൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ഇയാൾ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പരിക്കേറ്റ ഇന്ത്യൻ പൗരനെ സന്ദർശിച്ചു. ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ മിസൈൽ ഭാഗങ്ങൾ വീണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി വാർത്തകൾ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ എംബസിയുടെ സ്ഥിരീകരണം.

ഇറാൻ അയച്ച മിസൈലിൻ്റ ഭാഗങ്ങൾ വീണ് ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശി പൗരനും കൊല്ലപ്പെട്ടുവെന്ന് സൗദി സിവിൽ ഡിഫൻസ് ഏജൻസി നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് വാർത്ത തള്ളി ഇന്ത്യൻ എംബസി രംഗത്തെത്തിയത്. അൽഖർജിലെ വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തുന്നത്. ഇസ്രയേലും യുഎസും സംയുക്ത ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇറാൻ തുടർച്ചയായി അൽ ഖർജിനെ ലക്ഷ്യമിടുന്നത്.

SCROLL FOR NEXT