ട്രെയിനുകളിൽ നിശ്ചിത അളവിൽ കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ അധികം പണം നൽകണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വിമാനത്താവളങ്ങളിലുള്ള ലഗേജ് നിയന്ത്രണങ്ങൾ ട്രെയിനിലും നടപ്പാക്കുമോയെന്ന ചോദ്യത്തിന് പാർലമെൻ്റിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
ക്ലാസ് തിരിച്ചുള്ള നിരക്കാണ് നിശ്ചയിച്ചത്.വലിയ ട്രങ്കുകൾ, സ്യൂട്ട്കേസുകൾ, ബോക്സുകൾ എന്നിവ ബുക്ക് ചെയ്ത പാഴ്സൽ വാനുകളിൽ കൊണ്ടു പോകണമെന്നും യാത്രക്കാരുടെ കമ്പാർട്ട്മെൻ്റിൽ കൊണ്ടുപോകരുതെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ സെക്കൻഡ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 35 കിലോഗ്രാം ലഗേജ് വരെ സൗജന്യമായി കൊണ്ടു പോകാം. ചാർജ് അടച്ചാൽ കൊണ്ടു പോകാൻ കഴിയുക പരമാവധി 70 കിലോഗ്രാമാണ്. അതേസമയം, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോയും പണമടച്ച് 80 കിലോ വരെയും കൊണ്ടു പോകാം. എസി ത്രീ ടയർ, ചെയർ കാറിൽ സഞ്ചരിക്കുന്നവർക്ക് പരമാവധി പരിധി 40 കിലോ വരെയാണ്. എന്നാൽ ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 70 കിലോ വരെ സൗജന്യമായി കൊണ്ടുപോകാൻ സാധിക്കും. പണമടച്ചാൽ ഇത് 150 കിലോ വരെയാകും.
സൗജന്യ പരിധിക്ക് മുകളിലുള്ള ലഗേജിന് ലഗേജ് നിരക്കിൻ്റെ 1.5 ഇരട്ടി ചാർജാണ് യാത്രക്കാർ നൽകേണ്ടി വരിക. എന്നാൽ വ്യാപാരത്തിനാവശ്യമായ വസ്തുക്കൾ വ്യക്തിഗത ലഗേജായി കോച്ചുകളിൽ കൊണ്ടു പോകാൻ സാധിക്കില്ല. മാത്രമല്ല, 100 cmx60cmx25 cm (നീളംxവീതിxഉയരം) അളവിലുള്ള ട്രങ്കുകളും പെട്ടികളും മാത്രമാണ് കോച്ചുകളിൽ കൊണ്ടു പോകാൻ അനുവദിക്കുക.