

ജൗൺപൂർ: മുസ്ലീമായ യുവതിയെ വിവാഹം കഴിച്ചതിൻ്റെ പേരിൽ മകനോട് കലഹിച്ച മാതാപിതാക്കൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ജൗൺപൂരിൽ എൻജിനീയറായ മകനാണ് മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹാവശിഷ്ടങ്ങൾ പുഴയിലെറിഞ്ഞതായി പൊലീസ് കണ്ടെത്തിയത്. മുൻ റെയിൽവേ ജീവനക്കാരനായ ശ്യാം ബഹാദൂറും ഭാര്യ ബബിതയുമാണ് കൊല്ലപ്പെട്ടത്. ഇവർക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്.
അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് മകൻ അംബേഷ് ഇതര മതസ്ഥയായ യുവതിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ അവർക്ക് രണ്ട് കുട്ടികളും ജനിച്ചിരുന്നു. എന്നാൽ അംബേഷിൻ്റെ മാതാപിതാക്കൾ ഈ വിവാഹത്തെ അംഗീകരിച്ചിരുന്നില്ല. മരുമകളെ വീട്ടിലേക്ക് കൊണ്ടുവരാനും അവർ സമ്മതിച്ചിരുന്നില്ല. ഭാര്യയെ ഉപേക്ഷിക്കാൻ പിതാവ് ശ്യാം ബഹാദൂർ മകനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ പിതാവിൻ്റെ ആവശ്യപ്രകാരം മകൻ വിവാഹമോചനം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഭാര്യ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു.
എന്നാൽ വിവാഹ മോചനത്തിന് വേണ്ടി ഭാര്യക്ക് നഷ്ടപരിഹാരമായി നൽകേണ്ട പണം അംബേഷ് മാതാപിതാക്കളോട് ആവശ്യപ്പെടുകയും അവർ നൽകാൻ വിസമ്മതിക്കുകയും ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകം നടത്താൻ യുവാവ് തയ്യാറായതെന്ന് പൊലീസ് അറിയിച്ചു.
മാതാപിതാക്കളെയും സഹോദരനെയും കാണാനില്ലെന്ന് കാണിച്ച് ഡിസംബർ 13ന് അംബേഷിൻ്റെ സഹോദരി വന്ദന ജൗൺപൂരിലെ സഫറാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഡിസംബർ 8ന് അംബേഷ് തന്നെ വിളിച്ച് മാതാപിതാക്കൾ ഒരു തർക്കത്തെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും അവരെ അന്വേഷിക്കാൻ പോകുകയാണെന്നും പറഞ്ഞതായും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും വന്ദന പറഞ്ഞു. അംബേഷ് വന്ദനയെ വിളിച്ചതും സ്വിച്ച് ഓഫ് ചെയ്ത ഫോണും പൊലീസിൽ സംശയം ജനിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞ് അംബേഷിനെ പിടികൂടിയപ്പോഴാണ് അയാൾ ക്രൂരകൃത്യത്തെ കുറിച്ച് പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.
മാതാപിതാക്കളെ അരകല്ലു കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഗ്യാരേജിലെത്തിച്ച് അറക്കവാൾ കൊണ്ട് ആറ് കഷ്ണങ്ങളാക്കി വെട്ടിമുറിച്ച ശേഷം ചാക്കിലാക്കി പുഴയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. തുടർന്നാണ് സഹോദരിയെ വിളിച്ച് മാതാപിതാക്കളെ അന്വേഷിച്ച് പോവുകയാണെന്ന് കളവ് പറഞ്ഞത്. ഇതിന് ശേഷം ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി. ആറ് ദിവസത്തിന് ശേഷം ഇയാൾ സാധാരണ പോലെ വീട്ടിലെത്തിയിരുന്നു. സഹോദരിമാർ പൊലീസിൽ അറിയിച്ചത് പ്രകാരം പൊലീസെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ സത്യം വെളിപ്പെടുത്തിയത്.
തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ശ്യാം ബഹാദൂറിൻ്റെ ശരീര ഭാഗം കണ്ടെത്തി. രണ്ട് മൃതദേഹങ്ങളും വെട്ടിമാറ്റാൻ ഉപയോഗിച്ച വാളും, കൊലപാതകത്തിന് ഉപയോഗിച്ച അരകല്ലും കണ്ടെടുത്തു. നദിയിൽ ബാക്കിയുള്ള ശരീരഭാഗങ്ങൾക്കായി മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുന്നുണ്ടെന്നും അവ ഉടൻ കണ്ടെത്തുമെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു.