Source: Social media
NATIONAL

അയോധ്യ രാമക്ഷേത്ര പരിസരത്ത് നോൺവെജ് ഭക്ഷണത്തിന് വിലക്ക്

നേരത്തെ ക്ഷേത്രത്തിന് സമീപം മദ്യത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു

Author : വിന്നി പ്രകാശ്

അയോധ്യയിൽ നോൺ വെജ് ഭക്ഷണത്തിന് വിലക്കേർപ്പെടുത്തി ഉത്തരവ്. അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്താണ് നോൺ വെജ് ഭക്ഷണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൻ്റെ 15 കിലോമീറ്റർ പരിധിയിൽ നോൺ വെജ് ഭക്ഷണം നൽകരുതെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം.

ഹോട്ടലുകൾക്കും ഹോംസ്റ്റേകൾക്കുമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. മുമ്പും ഈ നിർദേശം നൽകിയിരുന്നെങ്കിലും അത് നടപ്പിലാവാത്ത സാഹചര്യത്തിലാണ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്കും വിലക്ക് ബാധകമാണ്. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ ക്ഷേത്ര പരിസരത്ത് മാംസാഹാരം വിതരണം ചെയ്യുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു.

നേരത്തെ ക്ഷേത്രത്തിന് സമീപം മദ്യത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. അയോധ്യയേയും ഫൈസാബാദിനേയും ബന്ധിപ്പിക്കുന്ന 14 കി.മീ. ദൈർഘ്യമുള്ള രാംപാത്തിൽ മദ്യത്തിൻ്റേയും മാംസത്തിൻ്റേയും വിൽപന നിരോധിക്കാൻ അയോധ്യ മുൻസിപ്പൽ കോർപറേഷൻ 2025 മെയിൽ തീരുമാനിച്ചിരുന്നുവെങ്കിലും ഈ ഒമ്പത് മാസത്തിനിടെ മദ്യവിൽപ്പന നിരോധനം നടപ്പാക്കിയിട്ടില്ല. രണ്ട് ഡസനിലധികം ഔട്ട്ലെറ്റുകൾ വഴി ഇവിടെ മദ്യവിൽപന സജീവമായി നടപ്പിലാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

SCROLL FOR NEXT