കിരണ്‍ റിജിജു ANI
NATIONAL

"സിജെപി പ്രക്ഷോഭത്തില്‍ ആളപായമില്ല, ആര്‍ക്കും ഗുരുതര പരിക്കുമില്ല"; പൊലീസ് നടപടിയെ ന്യായീകരിച്ച് കിരണ്‍ റിജിജു

"ഒരാള്‍ക്കും പരിക്കില്ല; ഒരാളുടെ പോലും എല്ല് ഒടിഞ്ഞിട്ടില്ല. ഗുരുതര പരിക്കുമായി ഒരു പ്രതിഷേധക്കാരൻ പോലും ആശുപത്രിയിൽ ഇല്ല"

Author : ന്യൂസ് ഡെസ്ക്

പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ സിജെപി സമരത്തെ കൈകാര്യം ചെയ്ത നിയമപാലകരെയും ബിഹാര്‍, ഡല്‍ഹി സര്‍ക്കാരുകളെയും ന്യായീകരിച്ച് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു. ആളപായമോ ഗുരുതര പരിക്കുകളോ ഉണ്ടാക്കാതെയാണ് സുരക്ഷാ സേന വലിയ കൂട്ടത്തെ നിയന്ത്രിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്ത് പ്രതിഷേധങ്ങളോട് പ്രതികരിച്ചിരുന്ന പോലെയായിരുന്നില്ല അതെന്നും കിരണ്‍ റിജിജു എഎന്‍ഐയോട് പറഞ്ഞു. വിദ്യാര്‍ഥി സമരത്തിനിടെ പൊലീസ് അതിക്രമം അഴിച്ചുവിട്ടെന്ന ആരോപണങ്ങളെ തള്ളിയാണ് കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.

ആയിരക്കണക്കിന് പ്രകടനക്കാരും രാഷ്ട്രീയ പ്രക്ഷോഭകരുടെ നുഴഞ്ഞുകയറ്റവും ഉണ്ടായിട്ടും, ഒരാള്‍ക്കും കാര്യമായ പരിക്കോ, മാരകമായ മുറിവുകളോ ഉണ്ടായിട്ടില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. "ഒരാള്‍ക്കും പരിക്കില്ല; ഒരാളുടെ പോലും എല്ല് ഒടിഞ്ഞിട്ടില്ല. ഗുരുതര പരിക്കുമായി ഒരു പ്രതിഷേധക്കാരൻ പോലും ആശുപത്രിയിൽ ഇല്ല. ആ പ്രതിഷേധത്തിന്റെ വ്യാപ്തി നോക്കൂ: ആയിരക്കണക്കിന് ആളുകൾ എത്തി, വിദ്യാർഥികളുടെ വേഷത്തിൽ നിരവധി ക്രിമിനലുകള്‍ നുഴഞ്ഞുകയറി. ആം ആദ്‌മി പാർട്ടി, ഭീം ആർമി, സമാജ്‌വാദി പാർട്ടി എന്നിവരില്‍ നിന്നുള്ള ആയിരക്കണക്കിന് രാഷ്ട്രീയ പ്രക്ഷോഭകര്‍ പങ്കെടുത്തിട്ടും ഡല്‍ഹി പൊലീസ് വളരെ കുറഞ്ഞ ബലപ്രയോഗമാണ് നടത്തിയത്. പാര്‍ലമെന്റ് മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാത്രമാണ് സേന ബലം പ്രയോഗിച്ചത്. മാത്രമല്ല, ആം ആദ്‌മി പാർട്ടിയിൽ നിന്നോ, ഡാഫ്‌ലി സംഘത്തില്‍ നിന്നോ, ഭീം ആർമിയിൽ നിന്നോ, സമാജ്‌വാദി പാർട്ടിയിൽ നിന്നോ എത്തിയ പകുതിയിലധികം ആളുകള്‍ മറ്റുള്ളവരെ അക്രമത്തിന് പ്രേരിപ്പിച്ചു; എന്നിട്ടും, ഒരു അപകടവും സംഭവിച്ചില്ല" - കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് ഇത്തരം പ്രതിഷേധങ്ങളെ മാരകമായ ബലപ്രയോഗം കൊണ്ടാണ് നേരിട്ടിട്ടുള്ളതെന്ന് കിരണ്‍ റിജിജു ആരോപിച്ചു. തെലങ്കാന സംസ്ഥാന രൂപീകരണ കാലത്തെ പ്രതിഷേധങ്ങള്‍, അടിയന്തരാവസ്ഥ എന്നിങ്ങനെ സംഭവങ്ങള്‍ ഉദ്ധരിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. "കോൺഗ്രസ് ഭരണ കാലത്തായിരുന്നു ഇത്തരമൊരു പ്രതിഷേധം നടന്നിരുന്നതെങ്കില്‍, ആയിരങ്ങളുടെ മരണത്തിന് അത് കാരണമാകുമായിരുന്നു, ആര്‍ക്കും ഗുരുതരമായൊരു പരിക്കു പോലും വരുത്താതെ ഇത്രയും വലിയൊരു പ്രതിഷേധത്തെ കൈകാര്യം ചെയ്ത ഡല്‍ഹി പൊലീസിനെയും ഭരണകൂടത്തെയും പ്രശംസിക്കണം. കോണ്‍ഗ്രസിന്റെ കാലത്ത് ആയിരങ്ങളാണ് വെടിവയ്പ്പില്‍ മരിച്ചത്" -കിരണ്‍ റിജിജു പറഞ്ഞു.

"പ്രതിഷേധങ്ങൾക്ക് മറുപടിയായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് കോൺഗ്രസാണ്. ഈ രാജ്യത്ത് നടന്ന വിവിധ പ്രതിഷേധങ്ങളില്‍ എത്ര പേർ വെടിവയ്പ്പിന് ഇരയായിട്ടുണ്ടെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകും. തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തില്‍ പോലും നിരവധി പേർ കൊല്ലപ്പെട്ടു. ഇവിടെ ഈ പ്രതിഷേധത്തില്‍ ഒരു വെടിയുണ്ട പോലും പൊട്ടിയില്ല. ഒരു ജീവൻ പോലും നഷ്ടപ്പെടാതെ സാഹചര്യം കൈകാര്യം ചെയ്തതിന് പൊലീസിനെയും ഭരണകൂടത്തെയും അഭിനന്ദിക്കണം"

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ ഭരണകൂടം രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണെന്ന് കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നു. പ്രധാനമന്ത്രി ഇത്രയും നല്ലൊരു നിയമം കൊണ്ടുവന്നു, അവരുടെ ഭാവിക്കായി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഒന്നിനു പുറകെ ഒന്നായി നടപടികൾ സ്വീകരിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാൻ സർക്കാർ അതിവേഗ കോടതികൾ സ്ഥാപിക്കാനും തീരുമാനിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളോടും ഉദ്യോഗസ്ഥരോടും നിർദേശിച്ചിട്ടുണ്ട്. നമ്മുടെ യുവാക്കളുടെ ഭാവിയെ അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT