ANI
NATIONAL

ഞങ്ങള്‍ ബിജെപിയെ എതിര്‍ക്കുക മാത്രമല്ല, നശിപ്പിക്കും; ജനാധിപത്യത്തെ തകര്‍ത്ത ഒരാളും രക്ഷപ്പെടാന്‍ പോവുന്നില്ല: രാഹുല്‍ ഗാന്ധി

"വോട്ട് ചോരിയിലൂടെ നരേന്ദ്ര മോദിയും അമിത് ഷായും മോഹന്‍ ഭഗവതും രാജ്യത്തെ ഹൈജാക്ക് ചെയ്തു, ഗ്യാനേഷ് കുമാര്‍ അവരെ സഹായിച്ചു"

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കുന്നതില്‍ പങ്കാളിയായ ഒരാളെയും പ്രതിപക്ഷം വെറുതെ വിടില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ആരോപണങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. അവര്‍ക്ക് മറുപടി നല്‍കാനല്ല ഞങ്ങള്‍ വന്നത്. ഞങ്ങള്‍ ഈ രാജ്യത്തിന്റെ പ്രതിനിധികളാണ്. 300 എംപിമാരാണ് സമരത്തിലുള്ളത്. അവരെ കാണാന്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഭയപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി സംസാരിക്കാന്‍ ഭരണഘടനാ അധികാരികള്‍ വിസമ്മതിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ എന്താകുമെന്നും രാഹുല്‍ ചോദിച്ചു. ഇന്‍ഡ്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

"കുറച്ചു മുന്‍പ്, മുന്നൂറോളം ലോക്‌സഭാ, രാജ്യസഭാ എംപിമാര്‍ ഇവിടെയെത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെയും മറ്റു രണ്ട് കമ്മീഷണര്‍മാരെയും കാണാനാഗ്രഹിച്ചു. പൊലീസ് ഞങ്ങളെ ഇവിടെ തടഞ്ഞു. ഞങ്ങള്‍ ഈ രാജ്യത്തെ ജനപ്രതിനിധികളാണ്; രാജ്യത്തിന്റെ ശബ്ദത്തെയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. എന്തിനാണ് 300 എംപിമാരെ തടഞ്ഞതെന്ന് അറിയില്ല. അവരാണ് ഞങ്ങളെ ഇവിടെ കുത്തിയിരിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 50 യാര്‍ഡ് മാത്രം അകലെയാണ്. പക്ഷേ, അങ്ങോട്ടു പോകാന്‍ അവര്‍ ഞങ്ങളെ അനുവദിക്കുന്നില്ല. ഞങ്ങള്‍ ആരെയും വെറുതെവിടില്ല" - രാഹുല്‍ ഗാന്ധി പറഞ്ഞു.

"ഞങ്ങള്‍ അവരെ (ബിജെപി) എതിര്‍ക്കുക മാത്രമല്ല; ഞങ്ങള്‍ അവരെ നശിപ്പിക്കും. ബിജെപി പറയുന്ന കാര്യങ്ങളില്‍ എനിക്ക് താല്‍പ്പര്യമില്ല. ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാനാണ് ഞാനിവിടെ നില്‍ക്കുന്നത്. എനിക്കൊപ്പം, ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന 300 എംപിമാരും ഇവിടെ എത്തിയിട്ടുണ്ട്. അമിത് ഷാ, നരേന്ദ്ര മോദി, മോഹന്‍ ഭഗവത്, ഗ്യാനേഷ് കുമാര്‍... ഇവര്‍ രാജ്യത്തെ ജനാധിപത്യത്തെ നശിപ്പിച്ചിരിക്കുന്നു. രാജ്യമാകെ അതിനോട് യോജിക്കുന്നുണ്ട്. രാജ്യത്തെ യുവത അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ പോലും അക്കാര്യം അംഗീകരിക്കുന്നു. 'വോട്ട് ചോരി'യിലൂടെ നരേന്ദ്ര മോദിയും അമിത് ഷായും മോഹന്‍ ഭഗവതും രാജ്യത്തെ ഹൈജാക്ക് ചെയ്തു, ഗ്യാനേഷ് കുമാര്‍ അവരെ സഹായിച്ചു. എല്ലാവര്‍ക്കുമെതിരെ നടപടി വേണം. ഇവര്‍ ചെയ്തിരിക്കുന്നത് രാജ്യദ്രോഹമാണ്. ഒരാളും രക്ഷപ്പെടാന്‍ പോവുന്നില്ല" - രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT