ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് എൻഡിഎയിൽ വീണ്ടും ഭിന്നത. അമ്മ മക്കൾ മുന്നേറ്റ കഴകം എൻഡിഎ സഖ്യം വിട്ടേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എൻഡിഎയിൽ വേണ്ടത്ര പരിഗണന എഎംഎംകെയ്ക്ക് കിട്ടുന്നില്ല എന്ന് പാർട്ടി നേതാവ് ടിടിവി ദിനകരൻ ഏറെക്കാലമായി പരാതി പറയുന്നുണ്ട്.
2026 നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ നിലപാട് ഡിസംബറിൽ അറിയിക്കുമെന്ന് ടിടിവി ദിനകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നടൻ വിജയ് യുടെ രാഷ്ട്രീയകക്ഷിയായ ടിവികെയുമായി അടുക്കാനാണ് ദിനകരൻ്റെ പദ്ധതിയെന്നാണ് സൂചന. വിജയ് ഒറ്റയ്ക്ക് മത്സരിച്ചാലും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ദിനകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, 234 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ടിവികെ ഇതുവരെ മറ്റ് കക്ഷികളുമായൊന്നും സഖ്യം പ്രഖ്യാപിച്ചിട്ടില്ല.
ഇതിനിടെ അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാവും ആറ് തവണ എംഎൽഎയുമായ മുൻ മന്ത്രി സെങ്കോട്ടയ്യൻ എഐഎഡിഎംകെ വിട്ടേക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇപിഎസിനോട് കടുത്ത ഭിന്നതയിൽ തുടരുന്ന സെങ്കോട്ടയ്യൻ അഞ്ചാം തീയതി മാധ്യമങ്ങളെ കണ്ട് ഭാവി തീരുമാനം അറിയിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. സെങ്കോട്ടയ്യനും ടിവികെയോട് അടുക്കുന്നു എന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.