ബെംഗളൂരു: "കന്നഡ അറിയുമോ?" രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതായിരുന്നു ചോദ്യം. ചിരിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ മറുപടി. "കന്നഡ എൻ്റെ മാതൃഭാഷ അല്ല, പക്ഷേ ഉറപ്പായും പഠിക്കാം". ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൻ്റെ വജ്രജൂബിലി ആഘോഷ വേളയിലായിരുന്നു രസകരമായ മുഹൂര്‍ത്തം.
"എൻ്റെ രാജ്യത്തെ എല്ലാ ഭാഷകളെയും സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും ഞാൻ വളരെയധികം വിലമതിക്കുന്നു. അവയിൽ ഓരോന്നിനോടും എനിക്ക് വലിയ ബഹുമാനവും ആദരവും തോന്നുന്നു" എന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
"എല്ലാവരും അവരവരുടെ ഭാഷ നിലനിർത്താനും, പാരമ്പര്യങ്ങളും സംസ്കാരവും സംരക്ഷിക്കാനും, വേണ്ട വിധത്തിൽ മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഞാൻ എൻ്റെ ആശംസകൾ നേരുന്നു", പ്രസിഡൻ്റ് വ്യക്തമാക്കി.
പരിപാടിയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ, കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു, മൈസൂരു രാജകുടുംബത്തിലെ പിൻഗാമിയായ ബിജെപി എംപി യദുവീർ വാഡിയാർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ഈ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രി രാഷ്ട്രപതിയോട് ചോദ്യം ചോദിച്ചത്.