അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ Source: News Malayalam 24x7
NATIONAL

കന്യാസ്ത്രീകൾ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്; നാളെ ഹർജി നൽകിയേക്കും

നാളെ തന്നെ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാനാണ് നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം.

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡ്: അറസ്റ്റിലായ കന്യാസ്ത്രീകൾ ജാമ്യത്തിനായി ഛത്തിസ്‌ഗഡ് ഹൈക്കോടതിയെ സമീപിക്കും. നാളെ തന്നെ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാനാണ് നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുർഗ് സെഷൻകോടതി തള്ളിയിരുന്നു. സെഷൻസ് കോടതിക്ക് ഈ കേസ് പരി​ഗണിക്കാനുള്ള അധികാരമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.

മനുഷ്യക്കടത്തടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ആയതിനാൽ എൻഐഎ കോടതിയാണ് കേസ് പരി​ഗണിക്കേണ്ടതെന്ന് ആയിരുന്നു അഭിഭാഷകർ അറിയിച്ചത്. ജാമ്യത്തിനായി എൻഐഎ കോടതികളെ സമീപിക്കാമെന്ന് സെഷൻസ് കോടതി അറിയിച്ചിരുന്നു.

ബിലാസ്‌പൂർ, രാജ്‌നാഥ്ഗാവ്, സർബുജ എന്നീ എൻഐഎ കോടതികളെ സമീപിക്കാമെന്നാണ് കോടതി വിധിയിൽ പറയുന്നത്. 2018 ലെ എൻ ഐ നിയമപ്രകാരം മനുഷ്യക്കടത്ത് ഉൾപ്പെടുന്ന കേസുകളിൽ സെഷൻസ് കോടതിക്ക് ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ സംഘപരിവാറിനെതിരെ മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസും രംഗത്തെത്തി. കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട' എന്ന് തുടങ്ങുന്ന മുദ്രാവാക്യമാണ് സംഘ പരിവാറിനെതിരെ കത്തോലിക്കാ കോൺഗ്രസ് മുഴക്കിയത്.

കരുവഞ്ചാലിലെ പ്രതിഷേധത്തിനിടെയായിരുന്നു സംഘപരിവാറിനെതിരായ മുദ്രാവാക്യം. 'തിരുവസ്ത്രത്തിൻ ശോഭ കണ്ടാൽ ഭ്രാന്ത് പിടിക്കും സംഘികളെ, കാരുണ്യത്തിൻ കൈകളിൽ നിങ്ങൾ കൈവിലങ്ങു വെച്ചില്ലേ' തുടങ്ങിയ പ്രതിഷേധാത്മക വരികളും മുദ്രാവാക്യത്തിൽ കാണാം.

കന്യാസ്ത്രീകളുടെ നീതിക്കൊപ്പം നിൽക്കേണ്ട സമയമാണെന്നും, ആദ്യം നീതി ലഭിക്കട്ടെ എന്നിട്ടാകാം ചായകുടിയെന്നും കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ ബിഷപ് കർദിനാൾ ബസേലിയോസ്‌ ക്ളീമിസ് ബാവയും പ്രതികരിച്ചു.

SCROLL FOR NEXT