കണ്ണൂർ: ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ സംഘപരിവാറിനെതിരെ മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസ്. 'കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട' എന്ന് തുടങ്ങുന്ന മുദ്രാവാക്യമാണ് സംഘ പരിവാറിനെതിരെ കത്തോലിക്കാ കോൺഗ്രസ് മുഴക്കിയത്. കരുവഞ്ചാലിലെ പ്രതിഷേധത്തിനിടെയായിരുന്നു സംഘപരിവാറിനെതിരായ മുദ്രാവാക്യം. 'തിരുവസ്ത്രത്തിൻ ശോഭ കണ്ടാൽ ഭ്രാന്ത് പിടിക്കും സംഘികളെ, കാരുണ്യത്തിൻ കൈകളിൽ നിങ്ങൾ കൈവിലങ്ങു വെച്ചില്ലേ' തുടങ്ങിയ പ്രതിഷേധാത്മക വരികളും മുദ്രാവാക്യത്തിൽ കാണാം.
കന്യാസ്ത്രീകളുടെ നീതിക്കൊപ്പം നിൽക്കേണ്ട സമയമാണെന്നും, ആദ്യം നീതി ലഭിക്കട്ടെ എന്നിട്ടാകാം ചായകുടിയെന്നും കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ ബിഷപ് കർദിനാൾ ബസേലിയോസ് ക്ളീമിസ് ബാവയും പ്രതികരിച്ചു.
അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യം ദുർഗ് സെഷൻസ് കോടതിയും നിഷേധിച്ചു. ജാമ്യത്തിനായി എൻഐഎ കോടതികളെ സമീപിക്കാമെന്ന് സെഷൻസ് കോടതി അറിയിച്ചു. ബിലാസ്‌പൂർ, രാജ്‌നാഥ്ഗാവ്, സർബുജ എന്നീ എൻഐഎ കോടതികളെ സമീപിക്കാമെന്നാണ് കോടതി വിധിയിൽ പറയുന്നത്. 2018 ലെ എൻ ഐ നിയമപ്രകാരം മനുഷ്യക്കടത്ത് ഉൾപ്പെടുന്ന കേസുകളിൽ സെഷൻസ് കോടതിക്ക് ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. സെഷൻസ് കോടതിക്ക് ഈ കേസ് പരിഗണിക്കാനുള്ള അധികാരമില്ലെന്ന് കാട്ടിയാണ് ജാമ്യാപേക്ഷ പരിഗണിക്കാതിരുന്നതെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്.
കേരളത്തിൽ നിന്നുള്ള എൽഡിഎഫ്, യുഡിഎഫ് എംപിമാരുടെ സംഘം ഛത്തീസ്ഗഢിലെത്തി കന്യാസ്ത്രീകളുടെ മോചനത്തിനായി ശ്രമം തുടങ്ങിയതോടെ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് ബജ്രംഗ്ദൾ ജയിലിന് മുന്നിൽ വിദ്വേഷ വിഷം തുപ്പി പ്രകടനം സംഘടിപ്പിച്ചു. ബിജെപി കേരളാ ഘടകമടക്കം കന്യാസ്ത്രീകളുടെ മോചനത്തിനായി ശ്രമിക്കുമ്പോഴാണ് സംഘപരിവാർ സംഘടന തന്നെയായ ബജ്രംഗ്‌ദളിൻ്റെ വർഗീയ പ്രതിരോധം. കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തിയിട്ടില്ല എന്ന് ബിജെപി കേരളാ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറയുമ്പോഴും നിർബന്ധിത മതപരിവർത്തനം നടത്തിയതിനാണ് അറസ്റ്റ് എന്നു തന്നെയാണ് ഛത്തീസ്ഗഢിലെ ബിജെപിയുടെ മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ നിലപാട്.