NATIONAL

തെരഞ്ഞെടുപ്പ് അടുക്കെ ഒപിഎസിന്റെ യൂ ടേണ്‍; എന്‍ഡിഎ വിട്ട് പനീര്‍സെല്‍വം നയിക്കുന്ന എഐഎഡിഎംകെ വിഭാഗം

പനീര്‍സെല്‍വവും അംഗങ്ങളും ചേര്‍ന്ന് ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു എന്‍ഡിഎ വിടുന്നതായി പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

എന്‍ഡിഎ സഖ്യമുപേക്ഷിച്ച് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം നയിക്കുന്ന എഐഎഡിഎംകെ വിഭാഗം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എഐഎഡിഎംകെ കേഡര്‍ റൈറ്റ്‌സ് റിട്രീവല്‍ കമ്മിറ്റിയുടെ മുന്നണി വിടല്‍ പ്രഖ്യാപനം. എന്‍ഡിഎ വിടുന്നതോടെ പനീര്‍സെല്‍വം ഇനി ആര്‍ക്കൊപ്പം എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇന്ന് രാവിലെ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പനീര്‍സെല്‍വം കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിനൊപ്പമോ ഡിഎംകെയ്‌ക്കൊപ്പം ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. മുന്നണിയില്‍ ഒറ്റപ്പെട്ടതിന് പിന്നാലെയാണ് എന്‍ഡിഎ വിട്ടതെന്നാണ് സൂചന.

പനീര്‍സെല്‍വവും അംഗങ്ങളും ചേര്‍ന്ന് ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു എന്‍ഡിഎ വിടുന്നതായി പ്രഖ്യാപിച്ചത്. മുന്‍ മന്ത്രിയും പനീര്‍ സെല്‍വത്തിന്റെ അടുത്ത അനുയായിയുമായ പന്‍രുതി എസ്. രാമചന്ദ്രനാണ് വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡിഎ വിടുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ഭാവിയിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചായിരിക്കും അടുത്ത മുന്നണിയുമായി ചേരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയെന്നും ഒപിഎസ് വിഭാഗം അറിയിക്കുന്നുണ്ട്.

അടുത്തിടെ ഗംഗൈക്കൊണ്ട ചോളപുരത്ത് എത്തിയ പ്രധാനമന്ത്രി മോദിയ്ക്ക് പനീര്‍സെല്‍വം കത്ത് നല്‍കിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചുകൊണ്ടായിരുന്നു കത്ത്. എന്നാല്‍ പനീര്‍സെല്‍വത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സര്‍വശിക്ഷ അഭിയാന്‍ ഫണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പനീര്‍സെല്‍വം രംഗത്തെത്തുകയും ചെയ്തിരുന്നു.

2024ലെ പൊതു തെരഞ്ഞെടുപ്പില്‍ രാമനാഥപുരം മണ്ഡലത്തില്‍ എന്‍ഡിഎയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഒ. പനീര്‍സെല്‍വം മത്സരിച്ചിരുന്നു. എഐഎഡിഎകെയുമായുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് പനീര്‍സെല്‍വം തന്റെ അനുയായികളുമായി എഐഎഡിഎംകെ കേഡര്‍ റൈറ്റ്‌സ് റിട്രീവല്‍ കമ്മിറ്റി എന്ന പാര്‍ട്ടി രൂപീകരിക്കുന്നത്. എന്നാല്‍ എടപ്പാടി കെ. പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നതോടെ തന്നെ പനീര്‍സെല്‍വം മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

SCROLL FOR NEXT