
ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ സേവനം ആരംഭിക്കാനുള്ള ലൈസൻസ് ലഭിച്ചു. സ്പെക്ട്രം വിക്ഷേപണം സുഗമമായി നടപ്പിലാക്കുന്നതിനായി മാനദണ്ഡങ്ങൾ തയാറാണെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 1995-ൽ രാജ്യത്ത് ആദ്യമായി സെല്ലുലാർ കോൾ നടത്തിയതിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം.
"ഇന്ത്യയിൽ സാറ്റ‍്ലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ ആരംഭിക്കുന്നതിനായി സ്റ്റാർലിങ്കിന് ഏകീകൃത ലൈസൻസ് ലഭിച്ചു. സ്പെക്ട്രം അലോക്കേഷനും ഗേറ്റ്‌വേ സ്ഥാപനത്തിനുമുള്ള മാനദണ്ഡങ്ങളും തയ്യാറാണ്, ഇത് സുഗമമായ വിക്ഷേപണം ഉറപ്പാക്കും," സിന്ധ്യ പറഞ്ഞു.
അതേസമയം, സ്റ്റാർലിങ്കിനൊപ്പം ഭാരതി ഗ്രൂപ്പിന്‍റെ പിന്തുണയുള്ള യൂട്ടെൽസാറ്റ് വൺവെബും ജിയോ എസ്ഇഎസും അവരുടെ സാറ്റ്കോം സേവനങ്ങൾ പുറത്തിറക്കുന്നതിനുള്ള സ്പെക്ട്രം അലോക്കേഷനായി കാത്തിരിക്കുകയാണ്.
രാജ്യത്തെ ടെലിഫോൺ കണക്ഷനുകൾ ഇപ്പോൾ 1.2 ബില്യണാണ്. ഇന്‍റർനെറ്റ് സബ്‌സ്‌ക്രിപ്‌ഷനുകൾ 286 ശതമാനം വർധിച്ച് 970 ദശലക്ഷത്തിലെത്തിയെന്നും മന്ത്രി പറഞ്ഞു. 1,450 ശതമാനത്തിലധികം വളർച്ചയാണ് ബ്രോഡ്‌ബാൻഡ് ഉപയോഗം കൈവരിച്ചത്. 2014-ൽ 60 ദശലക്ഷമായിരുന്നെങ്കിൽ ഇന്നത് 944 ദശലക്ഷമായി ഉയർന്നു. മൊബൈൽ ഡാറ്റയുടെ വില 96.6 ശതമാനം കുറഞ്ഞ് ഒരു ജിബി 8.9 രൂപയ്ക്ക് ലഭിക്കുന്ന രീതിയായെന്നും അദ്ദേഹം പറഞ്ഞു.
18 വർഷത്തിനിടെ ആദ്യമായി ബിഎസ്‌എൻഎലിന് 2024-25 സാമ്പത്തിക വർഷത്തിൽ തുടർച്ചയായി 262 കോടി രൂപയും 280 കോടി രൂപയും അറ്റാദായം റിപ്പോർട്ട് ചെയ്തു. 83,000-ത്തിലധികം 4G സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും, 74,000 ഇതിനോടകം പ്രവർത്തനക്ഷമമാണെന്നും മന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ 5G ഉപയോഗവും (പ്രതിമാസം 32 GB) 100 യൂസ് കേസ് ലാബുകളും നിലവിലുണ്ട്. 6G പേറ്റന്‍റ് ഫയലിംഗുകളിൽ ഇന്ത്യ മികച്ച ആറ് രാജ്യങ്ങളിൽ ഒന്നാണ്. ഉൽപ്പാദനവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ 4,305 കോടി രൂപയിലെത്തി. അതിന്‍റെ ഫലമായി 85,391 കോടി രൂപയുടെ വിൽപ്പനയും 28,000-ത്തിലധികം തൊഴിലവസരങ്ങളും ഉണ്ടായി. നേരിട്ടുള്ള വിദേശ നിക്ഷേപം 282 മില്യൺ യുഎസ് ഡോളറിൽ നിന്ന് 710 മില്യൺ യുഎസ് ഡോളറായി വർധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഇന്ന് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയാണ്. 1.2 ബില്യണിലധികം വരിക്കാരും ആഗോളതലത്തിൽ ഏറ്റവും താങ്ങാനാവുന്ന താരിഫ് നിരക്കുകളും ഇവിടെയുണ്ട്. ഒരു വ്യക്തി ശരാശരി 21 ജിബിയിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാർ വികസിപ്പിച്ചെടുത്ത ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെ തെളിവാണിതെന്നും ടെലികോം വ്യവസായ സംഘടനയായ സിഒഎഐ ഡയറക്ടർ ജനറൽ എസ്‌പി കൊച്ചാർ പറഞ്ഞു.