ഭുവനേശ്വർ: ബംഗ്ലാദേശികളെന്ന് മുദ്രകുത്തി ബംഗാളി മുസ്ലിം കച്ചവടക്കാരോട് സംസ്ഥാനം വിടാൻ നിർദേശിച്ച് ഒഡിഷ പൊലീസ്. 72 മണിക്കൂറിനുള്ളിൽ ഒഡിഷ വിടണമെന്ന് നയാഗഢ് മേഖലയിലെ കച്ചവടക്കാരോട് ഒഡഗാവ് പൊലീസ് നിർദേശിച്ചെന്നാണ് പരാതി. പൊലീസ് നൽകിയ സമയപരിധി കഴിഞ്ഞെങ്കിലും മിക്കവർക്കും മടങ്ങാനായിട്ടില്ല. ടെലഗ്രാഫ് പത്രമാണ് ഒഡിഷയിലെ ബംഗാളി മുസ്ലിങ്ങളുടെ അവസ്ഥ റിപ്പോർട്ട് ചെയ്തത്.
പത്തും പതിനഞ്ചും വർഷമായി ചെറിയ കച്ചവടം ചെയ്ത് ഒഡിഷയിലെ വിവിധ ജില്ലകളിൽ താമസിക്കുന്ന ബംഗാളി മുസ്ലിങ്ങളും അവരുടെ കുടുംബങ്ങളുമാണ് നാട് വിടാനുള്ള ഭീഷണിയോടെ പ്രതിസന്ധിയിലായത്. ഇരുചക്ര വാഹനങ്ങളിൽ കൊതുകുവല, പുതപ്പുകൾ, കമ്പിളി വസ്ത്രങ്ങൾ എന്നിവ വിറ്റ് നയാഗഡ് മേഖലയിൽ താമസിക്കുന്ന ബംഗാളി മുസ്ലിങ്ങൾക്ക് ഒഡിഷ പൊലീസ് നിർദേശം നൽകിയത്.
72 മണിക്കൂറിനുള്ളിൽ നാടുവിടാനാണ് നിർദേശം. എന്നാൽ ട്രെയിൻ ടിക്കറ്റുകൾ കിട്ടാനില്ല. സ്റ്റോക്കുകൾ എന്ത് ചെയ്യുമെന്നറിയില്ല. സ്റ്റോക്ക് സൂക്ഷിക്കാനിടമില്ല. നയാഗഡ്, കോരാപുട്ട് ജില്ലകളിലാണ് കൂടുതൽ കച്ചവടക്കാരുള്ളത്. ഇവർ ബംഗ്ലാദേശികളെന്ന സംശയമാണ് നിർദേശത്തിന് കാരണം. എന്നാൽ ബംഗാളിൽ ജനിച്ചുവളർന്ന, മുർഷിദാബാദിലെ ജലംഗി ബ്ലോക്ക് പരിധിയിലെ ഗ്രാമക്കാരാണ് ഇതിൽ കൂടുതലും. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഗ്രാമീണ മേഖലകളാണിത്.
ഒഡിഷയിൽ ബംഗാളിൽ നിന്നുള്ള മുസ്ലിം വ്യാപാരികളും തൊഴിലാളികളും പോലീസ് അറസ്റ്റുകളും ആൾക്കൂട്ട ആക്രമണങ്ങളും നേരിടുന്നുണ്ട്. നവംബർ 24 ന്, മുർഷിദാബാദിൽ നിന്നുള്ള 24 വയസ്സുള്ള കമ്പനി വിൽപ്പനക്കാരനായ രൗൾ ഇസ്ലാമിനെ ഗഞ്ചം ജില്ലയിൽ "ജയ് ശ്രീറാം" എന്ന് വിളിക്കാൻ പറഞ്ഞ് മർദ്ദിച്ചതാണ് അവസാനസംഭവം. ഇത്തരം നൂറുകണക്കിന് സംഭവങ്ങൾ ഒഡിഷയിൽ വ്യാപകമാണ്. ഒഡിഷയിലെ സർക്കാർ മാറ്റത്തോടെ അതിക്രമം കൂടിയതായാണ് ആരോപണം.
പൊലീസ് വീട്ടുവാതിൽക്കൽ എത്തി റോഹിംഗ്യകളാണെന്ന് പറഞ്ഞ് നാടുവിടാൻ ആവശ്യപ്പെട്ടതായി ചിലർ പറയുന്നു. കുടിയേറ്റ തൊഴിലാളികൾക്കെതിരായ അതിക്രമങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൈഗ്രന്റ് ലേബർ യൂണിറ്റി ഫോറം പരാതി നൽകിയെങ്കിലും പൊലീസ് അവഗണിച്ചെന്ന് ഇവർ പറയുന്നു. ഏതായാലും ഒഡിഷയിലെ ബംഗാളി മുസ്ലീങ്ങൾ തെറ്റിദ്ധാരണയുടെ പേരിൽ നാടുകടത്തപ്പെടുന്നു എന്ന് കൊൽക്കത്ത ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു.