ബെംഗളൂരു: പെട്രോളില്‍ 31 ശതമാനം എഥനോള്‍ എന്ന കർണാടക സർക്കാർ കണ്ടെത്തല്‍ തള്ളി എണ്ണക്കമ്പനികള്‍. സംയുക്ത പ്രസ്താവന നടത്തിയാണ് കർണാട സർക്കാരിനെതിരെ കമ്പനികള്‍ രംഗത്തുവന്നത്. സംസ്ഥാനത്തെ 80 ശതമാനത്തോളം പമ്പുകളിലെ പെട്രോളില്‍ 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു സർക്കാർ വാദം.
നിയമപരമായ പരിശോധനാ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കർണാടക സർക്കാർ ഈ നിഗമനത്തിൽ എത്തിയതെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. കർണാടകയിലെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് പെട്രോളില്‍ 31.2 ശതമാനം വരെ എഥനോള്‍ കണ്ടെത്തിയതെന്നാണ് സര്‍ക്കാരിന്റെ ആരോപണം. നിലവില്‍ കേന്ദ്ര സർക്കാർ പെട്രോളില്‍ അനുവദിച്ചിട്ടുള്ള എഥനോള്‍ മിശ്രണത്തിന്റെ പരിധി 20 ശതമാനമാണ് എന്നിരിക്കെയാണ് അളവിൽ കൂടുതലായി എഥനോള്‍ ചേര്‍ത്തത്. എണ്ണക്കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
വാഹന ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നല്കാന് പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്നും സർക്കാർ ആവശ്യമുയർത്തി. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, നയാര എനര്‍ജി, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഷെല്‍ തുടങ്ങിയ കമ്പനികളുടെ പെട്രോള്‍ സാംപിളുകളിലാണ് പരിശോധനയുണ്ടായത്. ബെംഗളൂരു അര്‍ബന്‍, കോലാര്‍, ചിക്കബെല്ലാപുര, ബെംഗളൂരു റൂറല്‍, മംഗളൂരു, തുമക്കൂരു, രാമനഗര എന്നീ ഏഴ് ജില്ലകളില്‍നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്. കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്വാന് അര്‍ഷാദാണ് വാര്‍ത്താസമ്മേളനത്തിൽ ഈ ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഒരു പമ്പിലെ E20 പെട്രോൾ സാംപിളിൽ 31.2 ശതമാനം എഥനോൾ കണ്ടെത്തിയെന്നും മന്ത്രി ആരോപിച്ചു.
ഭാരത് പെട്രോളിയം പമ്പിലെ സാംപിളുകളില്‍ 26.5 ശതമാനമാണ് എഥനോള്‍ അടങ്ങിയത്. സ്വകാര്യ കമ്പനികളായ നയാര, ഷെല്‍ തുടങ്ങിയവയുടെ പമ്പുകളില്‍ 26.1, 25.5 ശതമാനം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായെന്ന് മന്ത്രി പറയുന്നു. നിശ്ചിത പരിധിയായ 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ കണ്ടെത്തിയ ജില്ലകളില്‍ ബെംഗളൂരുവും ഉള്‍പ്പെടുന്നുണ്ട്.