'ഇനി സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ മാത്രം നിയമിക്കണം'; സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന

ചീഫ് സെക്രട്ടറിയെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കുന്ന രീതിയെ അംഗീകരിക്കാനാകില്ലെന്നും സർക്കാർ ഖജനാവിൽ പണമില്ലാതെ ആരാണ് കുടിശ്ശിക നൽകുകയെന്നും കോടതി ആരാഞ്ഞു.
Supreme Court judge Justice BV Nagarathna
Supreme Court judge Justice BV NagarathnaNews Malayalam
Published on: 
Updated on: 

ദില്ലി: സർക്കാർ ജീവനക്കാർ സമൂഹത്തിലെ പ്രിവിലേജ് വിഭാഗമായി മാറിയെന്നും അവരുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്തം ഉറപ്പാക്കാൻ ഇനി മുതൽ ഇവരെ കരാർ അടിസ്ഥാനത്തിൽ മാത്രമേ നിയമിക്കാവൂ എന്നും സുപ്രീം കോടതിയുടെ സുപ്രധാന വാക്കാൽ പരാമർശം. പഞ്ചാബ് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക നൽകാത്തതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരെ ഹൈക്കോടതി ആരംഭിച്ച ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാർ സംവിധാനങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ചീഫ് സെക്രട്ടറിയെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കുന്ന രീതിയെ അംഗീകരിക്കാനാകില്ലെന്നും സർക്കാർ ഖജനാവിൽ പണമില്ലാതെ ആരാണ് കുടിശ്ശിക നൽകുകയെന്നും കോടതി ആരാഞ്ഞു.പഞ്ചാബ് സർക്കാർ സൗജന്യങ്ങളും ക്ഷേമപദ്ധതികളും പ്രഖ്യാപിക്കുമ്പോൾ തങ്ങളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന ജീവനക്കാരുടെ വാദത്തിന് മറുപടിയായാണ് ജസ്റ്റിസ് നാഗരത്ന രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. ക്ഷേമപദ്ധതികളും സൗജന്യങ്ങളും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും എന്നാൽ സർക്കാരിൽ നിന്ന് നിരന്തരം ആവശ്യങ്ങൾ ഉന്നയിക്കുന്ന ജീവനക്കാർ ഒരു പ്രത്യേക പരിഗണന ലഭിക്കുന്ന വിഭാഗമാണെന്നും കോടതി ഓർമ്മിപ്പിച്ചു.

Supreme Court judge Justice BV Nagarathna
അറസ്റ്റ് വ്യവസ്ഥയിൽ കൃത്യത വരുത്തി സുപ്രീംകോടതി; കസ്റ്റഡിയിലെടുക്കുന്ന സമയം മുതൽ 24 മണിക്കൂർ സമയപരിധി ആരംഭിക്കുമെന്ന് ഉത്തരവ്

ജീവനക്കാരിൽ കഠിനാധ്വാനം ചെയ്യുന്നവരുമുണ്ടെന്ന മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്തിന്റെ വാദത്തിന്, സർക്കാർ ജീവനക്കാർ അത്ര ആത്മാർത്ഥതയുള്ളവരായിരുന്നെങ്കിൽ രാജ്യത്തെ കോടതികളിലെ കേസുകളുടെ എണ്ണം പകുതിയായി കുറയുമായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന തിരിച്ചടിച്ചു.സർക്കാർ സർവീസിലെ ചുവപ്പുനാടയെയും അലംഭാവത്തെയും കോടതി ശക്തമായ ഭാഷയിലാണ് വിമർശിച്ചത്.

"ജീവനക്കാരൻ മരിച്ചാലും കുടുംബങ്ങൾക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നുണ്ട്. എന്നാൽ സ്വന്തം സഹപ്രവർത്തകർക്ക് പെൻഷൻ അനുവദിക്കുന്നതിന് പോലും തടസ്സങ്ങൾ ഉന്നയിക്കുന്നത് ഇവരുടെ കൂട്ടത്തിലുള്ള ഉദ്യോഗസ്ഥർ തന്നെയാണ്. എല്ലായിടത്തും ചുവപ്പുനാടയും അഴിമതിയും മാത്രമാണ് കാണാനാകുന്നത്. സർക്കാർ ജീവനക്കാർക്ക് പൊതുജനങ്ങളോട് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ?" എന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഒരു ദിവസം സെക്രട്ടേറിയറ്റിൽ കഷ്ടിച്ച് മൂന്ന് പേജ് മാത്രം ടൈപ്പ് ചെയ്യുന്ന ഉദ്യോഗസ്ഥർ ജോലി സമ്മർദ്ദമുള്ള ജുഡീഷ്യൽ സർവീസിൽ വരാൻ മടിക്കുകയാണെന്നും, കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തിയാൽ മാത്രമേ കാര്യക്ഷമതയും ഉത്തരവാദിത്തവും കൈവരിക്കാൻ സാധിക്കൂ എന്നും കോടതി ഓർമ്മിപ്പിച്ചു.

Supreme Court judge Justice BV Nagarathna
"എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട, അടുത്ത കേസ് വിളിക്കൂ"; ടിക്കറ്റ് നിരക്ക് വർധനക്കെതിരായ ഹർജിയിൽ സുപ്രീംകോടതി