ഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതി പ്രധാന അജണ്ടയാക്കി കേന്ദ്ര സർക്കാർ. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പാർലമെൻ്റിൽ വീണ്ടും അവതരിപ്പിക്കാനിരിക്കുന്ന മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതോടെ, പിന്നീട് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിന് പ്രഥമ പരിഗണന നൽകുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ രാജ്യ വ്യാപകമായി ഒറ്റ തെരഞ്ഞെടുപ്പ് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് സംബന്ധിച്ച സംയുക്ത പാർലമെൻ്ററി സമിതിയുടെ റിപ്പോർട്ട് ഈ പ്രത്യേക സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കും. പുതിയ മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാണ്.
2029ലെ തെരഞ്ഞെടുപ്പിന് മുമ്പായി പുനർനിർണയ നടപടികൾ പൂർത്തിയാക്കാനുള്ള കൃത്യമായ തയ്യാറെടുപ്പുകളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ പുതിയ കമ്മീഷനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന കമ്മീഷണർ, അതത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും അംഗങ്ങളായിരിക്കും. കൂടാതെ, ഓരോ സംസ്ഥാനത്തുനിന്നും ലോക്സഭാ സ്പീക്കർ നിർദേശിക്കുന്ന അഞ്ച് എംപിമാരും നിയമസഭാ സ്പീക്കർ നിർദേശിക്കുന്ന അഞ്ച് എംഎൽഎമാരും ഉപദേശക സമിതിയിലുണ്ടാകും.
കമ്മീഷൻ്റെ തീരുമാനങ്ങൾ അന്തിമമായിരിക്കുമെന്നും അവയെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും വ്യവസ്ഥയുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ അഞ്ച് മണ്ഡല പുനർനിർണയ കമ്മീഷനുകളാണ് രൂപീകരിച്ചിട്ടുള്ളത്. ആദ്യത്തേത് 1952ൽ സ്ഥാപിതമായതാണ്. 1951ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്സഭാ സീറ്റുകളുടെ എണ്ണം 498 ഉം നിയമസഭാ സീറ്റുകളുടെ എണ്ണം 3,280 ഉം ആയി നിശ്ചയിച്ചു. 1963ൽ രൂപീകരിച്ച രണ്ടാമത്തെ കമ്മീഷൻ ലോക്സഭാ സീറ്റുകളുടെ എണ്ണം 522 ആയും നിയമസഭാ സീറ്റുകൾ 3,771 ആയും വർധിപ്പിച്ചു.
1973ൽ രൂപീകരിച്ച മൂന്നാമത്തെ കമ്മീഷൻ 1971ലെ സെൻസസിനെ ആശ്രയിച്ചായിരുന്നു. ഇത് ലോക്സഭാ സീറ്റുകളുടെ എണ്ണം 522ൽ നിന്ന് 543 ആയി ഉയർത്തി, അതേസമയം, നിയമസഭാ സീറ്റുകളുടെ എണ്ണം 3,997 ആയി. ജസ്റ്റിസ് കുൽദീപ് സിംഗ് അധ്യക്ഷനായ നാലാമത്തെ കമ്മീഷൻ 2002ൽ സ്ഥാപിതമായി. 2001ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഇത് രൂപീകരിച്ചത്, എന്നാൽ ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചില്ല, അത് 543 ആയി തുടർന്നു. എന്നിരുന്നാലും, കമ്മീഷൻ നിയമസഭാ സീറ്റുകളുടെ എണ്ണം 3,997ൽ നിന്ന് 4,123 ആയി ഉയർത്തി.
കുൽദീപ് സിംഗ് കമ്മീഷൻ 2007 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. അഞ്ച് വർഷത്തിന് ശേഷം 2008ൽ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു, തുടർന്ന് 2008ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് നടപ്പിലാക്കി. അടുത്തിടെ, ജമ്മു കശ്മീരിൽ 2022ലും അസമിൽ 2023ലും അതിർത്തി നിർണയം നടത്തി. എന്നിരുന്നാലും ഈ രണ്ട് പ്രദേശങ്ങളിലെയും അതിർത്തി നിർണയ പ്രക്രിയകളെക്കുറിച്ച് പ്രതിപക്ഷം നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, അതിർത്തി നിർണയ കമ്മീഷൻ്റെ റിപ്പോർട്ടിനെ ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ല. അതിൻ്റെ തീരുമാനം അന്തിമമായിരിക്കും.
അതേസമയം, മണ്ഡല പുനർനിർണയ കമ്മീഷൻ്റെ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ നിയന്ത്രണമുണ്ടാകുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആശങ്ക പ്രകടിപ്പിച്ചു. ഉപദേശക സമിതി അംഗങ്ങൾക്ക് വോട്ടവകാശമില്ലാത്തതിനാൽ സർക്കാർ തീരുമാനങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ, കൃത്യമായ ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.