ഓപ്പറേഷൻ സിന്ദൂറിനോടുളള ആദരവ് പ്രകടിപ്പിക്കുന്നതിനായി ഗുജറാത്തിൽ സിന്ദൂർ വനം എന്ന പേരിൽ കൂറ്റൻ പാർക്ക് ഒരുക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രതിരോധ സേനയോടുള്ള ആദരവിൻ്റെയും പൗരന്മാർ പ്രകടിപ്പിക്കുന്ന ഐക്യത്തിൻ്റെയും അടയാളമായി പാർക്ക് നിർമിക്കപ്പെടുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും, സ്മാരകം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അഭിപ്രായപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സ്മാരകം എട്ട് ഹെക്ടറിൽ വ്യാപിച്ചുകിടക്കുമെന്നും ഭുജ്-മാണ്ഡ്വി റോഡിലെ മിർസാപറിൽ വനം വകുപ്പിൻ്റെ ഭൂമിയിലാണ് ഇത് ഉയരുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
"ഓപ്പറേഷൻ സിന്ദൂറിൽ സമൂഹം, സൈന്യം, വ്യോമസേന, ബിഎസ്എഫ് മറ്റ് സേനകൾ എന്നിവർ പ്രകടിപ്പിച്ച ഐക്യത്തിന്റെ സ്മരണയ്ക്കായി ഒരു സ്മാരക പാർക്ക് നിർമിക്കാൻ വനം വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്",കച്ച് കളക്ടർ ആനന്ദ് പട്ടേലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സ്മാരകത്തിൽ 10,000-ത്തിലധികം സസ്യങ്ങൾ, ചുമർചിത്രങ്ങളും ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. “സിന്ദൂർ വൻ ഓപ്പറേഷൻ സിന്ദൂരിനെ അടിസ്ഥാനമാക്കിയുള്ള ഒരു തീം അധിഷ്ഠിത സ്മാരക പാർക്കായിരിക്കും, എട്ട് ഹെക്ടർ സ്ഥലത്ത് ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, മരങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന സാന്ദ്രതയുള്ള തോട്ടമാണിത്.” കച്ച് സർക്കിളിലെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സന്ദീപ് കുമാർ പറഞ്ഞതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.