ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഇനി മുതൽ പാഠഭാഗത്തിലുൾപ്പെടുത്തുമെന്ന് എൻസിഇആർടി. ആദ്യഘട്ടത്തിൽ സെക്കൻഡറി ക്ലാസുകളിലെ പ്രത്യേക പാഠഭാഗമായാണ് ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തുക.
അടുത്ത ഘട്ടത്തിൽ മറ്റ് ക്ലാസുകളിലും ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. മറ്റ് പാഠഭാഗങ്ങൾക്കൊപ്പമല്ലാതെ പ്രത്യേകമായാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പഠിപ്പിക്കുക എന്നാണ് എൻസിഇആർടി വ്യക്തമാക്കുന്നത്. ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7-ന് നടത്തിയ സൈനീക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
ഭീകര ഭീഷണികളോട് രാഷ്ട്രങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും ദേശീയ സുരക്ഷയിൽ പ്രതിരോധം, നയതന്ത്രം, മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവ എങ്ങനെ പങ്കുവഹിക്കുന്നുവെന്നും മനസിലാക്കാൻ വിദ്യാർഥികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സായുധ സേനയുടെ പങ്ക്, ഭീകരവിരുദ്ധ നടപടികൾക്ക് പിന്നിലെ തീരുമാനമെടുക്കൽ പ്രക്രിയ, നയതന്ത്രത്തിനും പ്രാദേശിക സ്ഥിരതയ്ക്കും ഉള്ള വിശാലമായ പ്രത്യാഘാതങ്ങൾ തുടങ്ങിയ പ്രധാന വശങ്ങൾ ഉൾക്കൊള്ളുന്ന ഓപ്പറേഷൻ സിന്ദൂറിൻ്റെ വസ്തുതാപരമായ അവലോകനം എൻസിഇആർടി വിദ്യാർഥികൾക്കായി പങ്കുവെക്കും.