NATIONAL

"മറ്റ് പ്രതിനിധികള്‍ മേശയ്ക്കടിയില്‍ ഒളിച്ചിരിക്കുകയാണോ?" ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള കേന്ദ്രമന്ത്രിയുടെ കൂടിക്കാഴ്ചയെ പരിഹസിച്ച് നേതാക്കൾ

"ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി 3-4 തവണ മാത്രമേ എപ്സ്റ്റീനെ കണ്ടിട്ടുള്ളൂ അല്ലേ. പുറത്തുവന്ന ഫോട്ടോകളില്‍ മറ്റ് പ്രതിനിധികള്‍ മേശയ്ക്കടിയില്‍ ഒളിച്ചിരിക്കുകയാണോ?" എന്നായിരുന്നു മഹുവ മൊയ്ത്ര ചോദിച്ചത്

Author : ന്യൂസ് ഡെസ്ക്

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള കൂടിക്കാഴ്ചകളെച്ചൊല്ലി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിക്കെതിരെ വീണ്ടും രാഷ്ട്രീയ വിവാദം കനക്കുന്നു. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ രേഖകളിൽ ഉൾപ്പെട്ട മന്ത്രിയുടെ ചിത്രമാണ് കോൺഗ്രസ് അടക്കം ആയുധമാക്കുന്നത്. പ്രതിനിധി സംഘത്തിന്റെ ഭാഗമായി എപ്സ്റ്റീനെ കണ്ടെന്ന് മന്ത്രിയുടെ വാദത്തെ ഫോട്ടോയിൽ മറ്റ് പ്രതിനിധികൾ ഒളിച്ചിരിക്കുകയാണോ എന്നാണ് നേതാക്കളുടെ പരിഹാസം.

മൂന്നോ നാലോ തവണ എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് നേരത്തെ സമ്മതിച്ച കേന്ദ്രമന്ത്രി, എന്നാൽ കൂടിക്കാഴ്ചകൾ ഔദ്യോഗികമായ ആവശ്യങ്ങൾക്കായിരുന്നുവെന്നാണ് പുരിയുടെ വിശദീകരണം. വിഷയത്തിൽ കൂടുതൽ വ്യക്തത തേടി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്താണ് നേതാക്കള്‍ രംഗത്തെത്തിയത്.

എപ്സ്റ്റീനെ 'ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി' നേരത്തെ കണ്ടുവെന്ന് ഹര്‍ദീപ് പുരി മുമ്പ് നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം.അതേ സമയം എപ്സ്റ്റീനെ 'ഒറ്റയ്ക്ക് നേരിട്ട്' കണ്ടിട്ടില്ലെന്ന ഹര്‍ദീപ് പുരിയുടെ വാദത്തെ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ചോദ്യം ചെയ്തു. "ഇത്തരം ആളുകളാണോ മോദിക്ക് പ്രിയപ്പെട്ടത്? ആര്‍എസ്എസിനും വലതുപക്ഷത്തിനും സ്ത്രീകളെ ബഹുമാനിക്കാനും പരിഗണിക്കാനും കഴിയാത്തതിന് കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ? എന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

ഹര്‍ദീപ് പൂരിയുടെ മുന്‍ പ്രസ്താവനയെ പരിഹസിച്ച് ടിഎംസി എംപി മെഹുവ മൊയ്ത്രയും രംഗത്ത് വന്നു. 'ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി 3-4 തവണ മാത്രമേ എപ്സ്റ്റീനെ കണ്ടിട്ടുള്ളൂ അല്ലേ. പുറത്തുവന്ന ഫോട്ടോകളില്‍ മറ്റ് പ്രതിനിധികള്‍ മേശയ്ക്കടിയില്‍ ഒളിച്ചിരിക്കുകയാണോ?' എന്നായിരുന്നു മഹുവ മൊയ്ത്ര ചോദിച്ചത്. വിഷയത്തിൽ വ്യക്തത വേണമെന്ന് എൻസിപി (എസ്പി) വക്താവ് അനീഷ് ഗവാണ്ടെയും ആവശ്യപ്പെട്ടു.

SCROLL FOR NEXT